കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി മോഡൽ അടുത്ത വർഷം ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. തുടക്കത്തിൽ യൂറോപ്യൻ വിപണിയിലും പിന്നീട് ഇന്ത്യയിലും വാഹനമെത്തും. വിദേശ വിപണികളിലേക്കുള്ള വാഹനങ്ങളും ഇന്ത്യയിൽ നിർമിക്കാനാണ് കമ്പനിയുടെ തീരുമാനം
ഇ.വി എക്‌സിന്റെ ടൊയോട്ട വകഭേദമായ അർബൻ എസ്.യു.വിയും പുറത്തിറക്കും. ഏകദേശം 20നും 25 ലക്ഷത്തിനും ഇടയ്ക്കാണ് വില പ്രതീക്ഷിക്കുന്നത്. ഈ വാഹനത്തിൽ മാരുതി അഡാസ് സംവിധാനം ലഭ്യമാക്കാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.ഉയർന്ന സ്പെസിഫിക്കേഷനുള്ള എസ്.യു.വിയായിരിക്കും ഇ.വി എക്‌സ്. വാഹനത്തിൽ 60 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുക.
Also Read:സ്റ്റൈലിഷ് ലുക്കിൽ പുതിയ ടിവിഎസ് ജൂപ്പിറ്റർ, ഒപ്പം മികച്ച ഫീച്ചറുകളും
ടോയോട്ടയുടെ 27 പോളറൈസിങ് പ്ലേറ്റ് സ്‌കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിലാണ് അർബൻ എസ്.യു.വിയും ഇ.വി എക്‌സും നിർമിക്കുന്നത്. ഭാവിയിൽ കൂടുതൽ ഇ.വികൾ ഈ പ്ലാറ്റ്ഫോമിൽ നിർമിക്കും. ഇ.വി എക്‌സിനും അർബൻ എസ്.യു.വിക്കും 4.3 മീറ്ററായിരിക്കും നീളം. മാരുതി ഇതിനകം തന്നെ ഇന്ത്യയിലും വിദേശത്തും റോഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ചൈനീസ് കമ്പനിയായ ബി.വൈ.ഡിയുടെ ബ്ലേഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാറ്ററിയായിരിക്കും വാഹനത്തിനുണ്ടാവുക.