CMDRF

മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി വീണ്ടും അളക്കും

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് നില്‍ക്കുന്ന ഭൂമി വീണ്ടും അളക്കും. മുമ്പ് ഭൂമി അളന്നപ്പോള്‍ പിശകുണ്ടായെന്ന് ഉടമകള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. അടുത്തയാഴ്ച ഹെഡ് സര്‍വ്വേയിലൂടെ നേതൃത്വത്തില്‍ റിസോര്‍ട്ട് ഉടമകളുടെ സാന്നിധ്യത്തിലാണ് അളക്കുക. ഈ മാസം അഞ്ചിന് മാത്യു കുഴല്‍നാടന്റെ പാര്‍ട്ണര്‍മാരെ ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ ഹിയറിങ്ങിന് ഹാജരായിരുന്നു. പാര്‍ട്ണര്‍മാരായ ടോണി, റ്റോം എന്നിവരാണ് ഹാജരായത്. മുമ്പ് ഹിയറിങ്ങിന് ഹാജരാകുവാന്‍ ഒരുമാസം സമയം നീട്ടി നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു.

സമയം നീട്ടിയുള്ള ആവശ്യമുന്നയിച്ച് മാത്യു കുഴല്‍നാട് അപേക്ഷ നല്‍കിയിരുന്നു. ഹിയറിംഗിന് ഹാജരാകാന്‍ ഒരു മാസം സമയമാണ് ആവശ്യപ്പെട്ടിരുന്നത്. കെപിസിസി ജാഥയും മീറ്റിംഗുകളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അവധി അപേക്ഷ പരിഗണിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിരുന്നു. ആധാരത്തിലുളളതിനേക്കാള്‍ 50 സെന്റ് അധിക സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചുവെന്നതാണ് മാത്യു കുഴല്‍നാടനെതിരായ കേസ്. ചിന്നക്കനാലില്‍ ഭൂമി കയ്യേറിയെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ തള്ളിയിരുന്നു. ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല. പുറമ്പോക്ക് കയ്യേറി മതില്‍ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. വാങ്ങിയ സ്ഥലത്തില്‍ കൂടുതലൊന്നും കൈവശമില്ലെന്നുമായിരുന്നു കുഴല്‍നാടന്റെ വിശദീകരണം.

എന്നാല്‍ നിയമപരമായ കാര്യങ്ങളോട് സഹകരിക്കുമെന്നുമായിരുന്നു നേരത്തെ കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നത്. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ ഭൂമിയിലെ ക്രയവിക്രയങ്ങളില്‍ ക്രമക്കേടെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയാണ് ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലന്‍സ് പുറത്തുവിട്ടത്. ഭൂമി വില്‍പ്പന നടത്തരുതെന്ന് 2020ല്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതില്‍ ക്രമക്കേടുണ്ടെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Top