തിരുവനന്തപുരം: മേയർ-ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ ലൈംഗിക ചേഷ്ട കാണിക്കുന്നത് കണ്ടിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ. ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ല. പിൻസീറ്റിൽ ആയതിനാൽ തനിക്ക് കാണാനായില്ലെന്നും കണ്ടക്ടർ പൊലീസിന് മൊഴി നൽകി. മേയറുടെ വാഹനത്തെ ഓവർടേക്ക് ചെയ്‌തോ എന്നതും തനിക്ക് അറിയില്ലെന്ന് കണ്ടക്ടർ പറഞ്ഞു.
അതേസമയം കേസിലെ നിർണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറൻസിക് സംഘം കെഎസ്ആർടിസി ബസിൽ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാർഡ് കാണാത്ത പശ്ചാത്തലത്തിൽ മേയർ കൊടുത്ത പരാതിയിൽ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോൺമെന്റ് പൊലീസ് ഉള്ളത്.