തിരുവനന്തപുരം: മേയര്‍ – ഡ്രൈവര്‍ തര്‍ക്കത്തിനിടെ മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ബസില്‍ കയറിയെന്ന് സാക്ഷി മൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നല്‍കിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും മൊഴിയിലുണ്ട്. എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍വീസ് തടസപ്പെട്ടതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴാണ് എംഎല്‍എ ബസില്‍ കയറിയതും കണ്ടക്ടര്‍ രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആര്‍ടിസിയില്‍ നിന്നും പൊലീസ് ശേഖരിച്ചു. താന്‍ ബസിന്റെ ഫുട്‌ബോര്‍ഡിലാണ് കയറിയതെന്നും ഉള്ളിലേയ്ക്ക് പ്രവേശിച്ചില്ലെന്നുമാണ് സച്ചിന്‍ ദേവ് മുന്‍പ് പറഞ്ഞിരുന്നത്.
മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിലെ സംഭവങ്ങള്‍ പൊലീസ് പുനരാവിഷ്‌കരിച്ചു. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.