CMDRF

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാതെ പൊലീസ്

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാതെ പൊലീസ്
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി ഡ്രൈവര്‍ യദു. കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിന് പിന്നാലെയായിരുന്നു ഡ്രൈവര്‍ യദു കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും, അസഭ്യം പറഞ്ഞെന്നും ചൂണ്ടി കാണിച്ചാണ് ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, ആര്യയുടെ സഹോദരന്‍ എന്നിവര്‍ക്കെതിരെ യദു കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തുവെച്ചാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു.

കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്. അതിനിടെ ബസ് സര്‍വീസ് തടഞ്ഞ മേയര്‍ക്കും എംഎല്‍എക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്യു പരാതി നല്‍കിയിരുന്നു. നടുറോഡില്‍ ബസ്സിന് മുന്നില്‍ മേയറുടെ കാര്‍ കുറുകെ നിര്‍ത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തില്‍, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തിയിരുന്നു. ഇനിയും പ്രതിഷേധം കടുപ്പിക്കാന്‍ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതിനിടെ വിഷയത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്. വിശദമായി അന്വേഷിച്ച്, കുറ്റമറ്റ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നീക്കം ഉണ്ടാകുമെന്നാണ് സൂചന.

Top