തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വി മുരളീധരന്‍. മേയര്‍ക്ക് കമ്പം കാര്‍ ഓട്ടത്തിലാണ്. കെഎസ്ആര്‍ടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയരുടെ ഹോബി. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന മേയര്‍, ബസ് ഡ്രൈവര്‍ കാണിച്ച ആക്ഷന്‍ കണ്ടു. പക്ഷേ കണ്‍മുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും വി മുരളീധരന്‍ പരിഹസിച്ചു.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നവും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ജോയിയുടെ മരണത്തിന് കാരണക്കാര്‍ നഗരസഭയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. മാലിന്യം കൃത്യമായ രീതിയില്‍ സംസ്‌ക്കരിച്ചിരുന്നുവെങ്കില്‍ ജോയിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നഗരസഭയിലേക്ക് വിഷയം ചൂണ്ടിക്കാട്ടി ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച് നടത്തി.
അതേ സമയം, ജോയിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേക്ക് നോട്ടീസയച്ചു. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റെയില്‍വേയുടെ വിശദീകരണം കേള്‍ക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ചൂണ്ടിക്കാട്ടി. ഡിവിഷണല്‍ റയില്‍വേ മാനേജര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.