വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഭക്ഷ്യ വിതണത്തിന് ഉപയോഗിച്ചിരുന്ന മക്‌ഡൊണാള്‍ഡ്‌സിന് തിരിച്ചടി. ഓര്‍ഡറുകള്‍ എ.ഐ സംവിധാനം ഉപയോഗിച്ച് വിതരണം ചെയ്യുമ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോകളും നിറഞ്ഞിരുന്നു. ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് അതിനൊപ്പം കെച്ചപ്പ്, ബട്ടര്‍ പോലുള്ള സാധനങ്ങള്‍ തെറ്റായി നല്‍കുക, ഓര്‍ഡര്‍ മാറി നല്‍കുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം എ.ഐ വിതരണത്തിലുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതോടെ ഡ്രൈവ് ത്രു റസ്റ്റോറന്റുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിതരണം നിര്‍ത്താനൊരുങ്ങുകയാണ് മക്‌ഡോണാള്‍ഡ്‌സ്. കമ്പനിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ നല്‍കുന്ന ഐ.ബി.എമ്മുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് മക്‌ഡോണാള്‍ഡ്‌സ് അറിയിച്ചു. 2021 മുതലുള്ള കരാര്‍ തിങ്കളാഴ്ചയാണ് കമ്പനി അവസാനിപ്പിച്ചത്.
അതേസമയം, ഐ.ബി.എമ്മുമായുള്ള കരാര്‍ ഒഴിവാക്കിയത് കൊണ്ട് തങ്ങള്‍ എ.ഐ അധിഷ്ഠിത വിതരണസംവിധാനത്തില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുന്നുവെന്ന് അര്‍ഥമില്ലെന്ന് മക്‌ഡോണാള്‍ഡ്‌സ് അറിയിച്ചു. ഐ.ബി.എമ്മുമായുള്ള പങ്കാളിത്തം തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട എ.ഐ സാങ്കേതികവിദ്യകള്‍ ഭാവിയില്‍ റസ്റ്റോറന്റുകളില്‍ അവതരിപ്പിക്കുമെന്നും മക്‌ഡോണാള്‍ഡ്‌സ് വ്യക്തമാക്കി.
എഐ ആശ്രയിച്ചുള്ള വിതരണ സംവിധാനം യുഎസിലെ പ്രമുഖ റസ്റ്റോറന്റുകളില്‍ ലഭ്യമാണ്.