CMDRF

വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് ഇസ്രായേല്‍ തയാറാകുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് ഇസ്രായേല്‍ തയാറാകുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് ഇസ്രായേല്‍ തയാറാകുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

തെല്‍അവീവ്: ഗസയിലെ വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ തയാറാകുന്നതായി മാധ്യമങ്ങള്‍. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇസ്രായേല്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചായാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍ണിയ ഖത്തര്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച നടത്തുന്ന സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനിയുമായി ബര്‍ണിയ കൂടിക്കാഴ്ച നടത്തും. ബന്ദി കൈമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാനായി ബുധനാഴ്ച ഹമാസില്‍നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചതായി കഴിഞ്ഞദിവസം ഇസ്രായേല്‍ അറിയിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ അവലോകനം ചെയ്യുന്നുണ്ട്.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ പ്രസിഡന്റ് ബൈഡനും നെതന്യാഹുവും സംസാരിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. കരാറുമായി ബന്ധപ്പെട്ടുള്ള ഹമാസിന്റെ നിര്‍ദേശങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉടന്‍ കരാറിലെത്താന്‍ ബൈഡന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബന്ദിമോചന കരാറില്‍ എന്നത്തേക്കാളും കൂടുതല്‍ ഇസ്രായേല്‍ അുടത്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും പറഞ്ഞു. ബന്ദികളുടെ കുടുംബാംഗങ്ങളുമായുള്ള ചര്‍ച്ചക്കിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ ഈജിപ്ത്, ഖത്തര്‍ പ്രതിനിധികളുമായി ബുധനാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. നിലവില്‍ നടക്കുന്ന ചര്‍ച്ചകളോട് ക്രിയാത്മകമായിട്ടാണ് ഇടപെടുന്നതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് തുര്‍ക്കിയയുമായും ഹനിയ്യ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ചര്‍ച്ചകൾക്ക് സാധ്യതയേറുമ്പോഴും ഇസ്രായേല്‍ ആക്രണമം നിര്‍ത്താന്‍ തയാറായിട്ടില്ല. ഗസയില്‍ 272 ദിവസമായി ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയിൽ ഇതുവരെ 38,011 പേര്‍ കൊല്ലപ്പെട്ടു. 87,445 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Top