കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ നാളെ സമരം പുനരാരംഭിക്കുമെന്ന് അതിജീവിത. ഐജിയും വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചിരുന്നെങ്കിലും ഐജിയുടെ ഇടപെടലില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്‌ക്കെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവത്തില്‍ ഉത്തരമേഖല ഐജി ഇടപെട്ടത്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നടക്കാത്തതോടെയാണ് അവസാനിപ്പിച്ച സമരം വീണ്ടും ആരംഭിക്കുന്നത്.
മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്‌സിങ് ഓഫീസര്‍, നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.
പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചത്.