മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പ്രവേശന വിവരങ്ങൾ

ഇത്തവണ ഓരോ കോളജിലും ഓരോ സ്പെഷ്യൽറ്റിയിലുമുള്ള സീറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കും

മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പ്രവേശന വിവരങ്ങൾ
മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പ്രവേശന വിവരങ്ങൾ

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ 2024–25ലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ ഈ മാസം 7ന് വൈകിട്ടു 4ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട സീറ്റുകൾ. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകൾ. കഴിഞ്ഞവർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 864 സീറ്റും ആർസിസിയിൽ 18 സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്തവണ ഓരോ കോളജിലും ഓരോ സ്പെഷ്യൽറ്റിയിലുമുള്ള സീറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ദേശീയതലത്തിൽ ഈ വർഷം നടത്തിയ നീറ്റ്–പിജിയിലെ റാങ്കുകൾ അടിസ്ഥാനമാക്കി, കേരള സംസ്ഥാന ക്വോട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ വിശേഷ റാങ്ക്‌ലിസ്റ്റ് തയാറാക്കിയാണ് ഇവിടത്തെ സിലക്‌ഷൻ.

പ്രവേശനയോഗ്യത

നാഷണൽ മെഡിക്കൽ കമ്മിഷൻ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകരിച്ച എംബിബിഎസ് ബിരുദം നേടി 2024 ഓഗസ്റ്റ് 15ന് എങ്കിലും ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. കേരളത്തിൽ വേരുകളുള്ള ഇന്ത്യക്കാർക്കാണു പ്രവേശനാർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെ ജനറൽ കാറ്റഗറി / എൻആർഐ സീറ്റുകളിൽ പ്രവേശനത്തിനു പരിഗണിക്കുമെങ്കിലും സംവരണാർഹതയില്ല.

2024ലെ നീറ്റ്– പിജിയിൽ കാറ്റഗറി അനുസരിച്ച് ഇനിപ്പറയുന്ന കട്ട് ഓഫ് സ്കോർ വേണം:

∙ ജനറൽ / സാമ്പത്തിക പിന്നാക്കം 50–ാം പെർസന്റൈൽ, ഇവരിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ
∙ മറ്റെല്ലാ സംവരണ വിഭാഗക്കാരും (ഭിന്നശേഷിയുൾപ്പെടെ) 40–ാം പെർസന്റൈൽ
സർവീസ് ക്വോട്ടക്കാർക്കും ഇതേ ക്രമത്തിൽ യോഗ്യത വേണം. ജനറൽ ക്വോട്ടക്കാർക്കു പ്രായപരിധിയില്ല. പക്ഷേ, സർവീസ് ക്വോട്ടയ്ക്ക് ഉയർന്ന പ്രായമുണ്ട് – 2024 ഡിസംബർ 31ന് മെ‍ഡിക്കൽ വിദ്യാഭ്യാസവകുപ്പ് 49 വയസ്സ്, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ് 47 വയസ്സ്.

Top