തൃശ്ശൂര്‍: . ഏഴ് പതിറ്റാണ്ടിലേറെ മേളരംഗത്ത് നിറസാന്നിധ്യമായിരുന്ന മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാര്‍(82) അന്തരിച്ചു. നാല് പതിറ്റാണ്ടോളം തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി നിന്ന കലാകാരനായിരുന്നു അദ്ദേഹം. പതിമൂന്ന് വര്‍ഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വര്‍ഷക്കാലംതിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവില്‍ 23 വര്‍ഷം തുടര്‍ച്ചയായും കൊട്ടിക്കയറിയ കേളത്ത് പ്രായാധിക്യത്താല്‍ കഴിഞ്ഞ പൂരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
തിമില പ്രമാണിയായിരുന്ന എടക്കുന്നി മാക്കോത്ത് ശങ്കരന്‍കുട്ടി മാരാരുടേയും കേളത്ത് അമ്മിണി മാരസ്യാരുടേയും മകനായി 1942-ലാണ് ജനനം. പരിയാരത്ത് കുഞ്ഞന്‍ മാരാരോടൊപ്പം തൃശ്ശൂര്‍ പൂരം ഇലഞ്ഞിത്തറമേളത്തില്‍ പങ്കെടുത്തു തുടങ്ങിയ അരവിന്ദാക്ഷ മാരാര്‍ പിന്നീട് തിരുവമ്പാടിയുടെ മേളനിരയില്‍ തൃപ്പേക്കുളം അച്യുതമാരാരോടൊപ്പം ഒരു ദശാബ്ദത്തോളം പങ്കെടുത്തു. 22 വര്‍ഷത്തിലധികം ഇലഞ്ഞിത്തറമേളത്തില്‍ ഉരുട്ടുചെണ്ടയില്‍ അരവിന്ദാക്ഷമാരാര്‍ പങ്കെടുത്തിരുന്നു.