മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ ദുരൂഹത, തെളിവ് നശിപ്പിച്ചതിന് കേസെടുത്തു, ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യും

മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ ദുരൂഹത, തെളിവ് നശിപ്പിച്ചതിന് കേസെടുത്തു, ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യും
മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ ദുരൂഹത, തെളിവ് നശിപ്പിച്ചതിന് കേസെടുത്തു, ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യും

മേയര്‍ – കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ വിവാദം ഇപ്പോള്‍ പുതിയ തലത്തിലാണ് എത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡു തന്നെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ബസ് വിശദമായി പരിശോധിച്ചെങ്കിലും കാര്‍ഡ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതോടെ മേയറെ അധിക്ഷേപിച്ച കേസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരെയും ചോദ്യം ചെയ്യണ്ട സാഹചര്യമാണ് നിലവിലുള്ളത്. ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളാണ് ഉള്ളത്. ഇതിലെ ദൃശ്യങ്ങള്‍ മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന കേസില്‍ നിര്‍ണ്ണായകമാണ്. മേയര്‍ പറഞ്ഞത് ശരിയാണെന്ന് ഈ ദൃശ്യം വഴി വ്യക്തമാവുക കൂടി ചെയ്താല്‍ ഡ്രൈവറുടെ കാര്യം മാത്രമല്ല അയാള്‍ക്കു വേണ്ടി വാര്‍ത്തകള്‍ പടച്ചു വിടുന്ന മാധ്യമങ്ങളും പ്രതിപക്ഷ സംഘടനകളും കൂടിയാണ് വെട്ടിലായി പോകുക.

ഇത്തരമൊരു സാഹചര്യത്തില്‍ മെമ്മറി കാര്‍ഡ് മോഷ്ടിച്ചത് ആരാണെന്നത് കണ്ടെത്തേണ്ടത് ഇപ്പോള്‍ പൊലീസിന്റെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഡ്രൈവര്‍ യദുവിന് ഉത്തരവാദിത്വത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയുകയുമില്ല. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് പ്രത്യേക കേസ് തന്നെ ഇതു സംബന്ധിച്ച് പൊലീസിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമ്പാനൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ് ഒന്നിന് രാവിലെയാണ് പൊലീസ് സംഘം ബസ് പരിശോധിക്കാനെത്തിയത്. ക്യാമറയുടെ ഡിവിആര്‍ ലഭിച്ചെങ്കിലും അതില്‍ പക്ഷേ, മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണ് വിവാദത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്.

ഈ ബസിന് മുന്നിലും പിന്നിലും മാത്രമല്ല ഉള്ളിലും ക്യാമറയുണ്ടായിരുന്നു. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകുന്ന തരത്തിലാണ് ക്യാമറകളുടെ ക്രമീകരണമുള്ളത്. ഡ്രൈവറുടെ ക്യാബിനില്‍ നടന്ന സംഭവങ്ങള്‍ക്കുമാത്രമല്ല ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതിനും ഇത് നിര്‍ണ്ണായക തെളിവാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. യദു ഓടിച്ച എസ്.ആര്‍.ടി.സി ബസ് വന്ന റൂട്ടില്‍ നടന്നത് എന്താണെന്നത് കൂടുതല്‍ വ്യക്തമാക്കപ്പെടാനും ബസിലെ ക്യാമറ ദൃശ്യങ്ങള്‍ പൊലീസിനെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ മെമ്മറി കാര്‍ഡ് നഷ്ടമായിരിക്കുന്നത്. ഈ സംഭവത്തെയും പൊലീസ് ഗൗരവമായാണ് കാണുന്നത്.

മേയര്‍ സഞ്ചരിച്ച വാഹനവുമായി കെ.എസ്.ആര്‍.ടി.സി ബസ് തര്‍ക്കമുണ്ടായ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലം കൂടി പരിഗണിച്ചാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് ലഭിച്ചാലും ഇല്ലങ്കിലും ഒരു സ്ത്രീ എന്ന നിലയില്‍ ആര്യാരാജേന്ദ്രന്‍ നല്‍കിയ കേസ് നിലനില്‍ക്കുമെന്നാണ് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഓടുന്ന വാഹനത്തില്‍ വച്ചാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചതെന്ന് ആര്യയും കാറില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയും പറയുന്നതിനാല്‍ അതിന് മറ്റു സാക്ഷികളുടെ ആവശ്യം പോലും നിലവിലില്ല. ബസില്‍ ഉള്ളവര്‍ ഈ രംഗം കണ്ടാലും ഇല്ലെങ്കിലും അത് കേസിനെ ബാധിക്കില്ലന്നാണ് അഭിഭാഷകരും പറയുന്നത്. ബസ് തടയപ്പെട്ടു എന്നു പറയുന്ന സ്ഥലത്ത് ഉണ്ടായിരുന്നവരുടെ സാക്ഷി മൊഴികളും ആര്യാ രാജേന്ദ്രന് അനുകൂലമാണ്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയറോട് സംസാരിച്ച രീതി ശരിയല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതും ഡ്രൈവറുടെ വാദം ദുര്‍ബലപ്പെടുത്തുന്നതാണ്.

തനിക്ക് മേയറെയും എം.എല്‍.എയെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലന്ന ഡ്രൈവറുടെ വാദം പൊലിസും വിശ്വസിക്കുന്നില്ല. തിരുവനന്തപുരത്തുള്ള ഡ്രൈവര്‍ക്ക് തലസ്ഥാനത്തെ മേയറുടെ ഫോട്ടോ പോലും കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍ അത് ഈ കാലത്ത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെയാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പറയുന്ന രാഷ്ട്രീയ പകയും സംശയിക്കേണ്ടത്. പ്രതി ബി.ജെ.പി അനുകൂല തൊഴിലാളി സംഘടന അംഗമാണെന്നു വ്യക്തമായതോടെയാണ് പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം ഇടതു സംഘടനകള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ഇതിനു പുറമെ പ്രതിയായ ഡ്രൈവര്‍ക്കെതിരെ സമാന കേസുകള്‍ മുന്‍പുണ്ടായതും ഇടതുപക്ഷത്തിന് ശരിക്കും പിടിവള്ളി ആയിട്ടുണ്ട്.സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് പ്രതി മുമ്പും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയിരുന്നുവെന്ന വിവരങ്ങള്‍ ഒന്നൊന്നായാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഡ്രൈവര്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ സംഘടനകള്‍ക്കും ഇത് വലിയൊരു തിരിച്ചടിയായി തന്നെ മാറിയിട്ടുണ്ട്.

2022-ല്‍ യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന വിവരമാണ് ആദ്യം പുറത്തു വന്നത്. അന്ന് തമ്പാനൂര്‍ പൊലീസ് യദുവിനെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിനു പുറമെ 2017 ല്‍ അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ചതിന് യദുവിനെതിരെ പേരൂര്‍ക്കട പൊലിസും കേസെടുത്തിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, സ്ത്രീയോട് മോശമായി പെരുമാറിയ കേസിലും, നേരത്തെ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമായിട്ടും ഒരു വിഭാഗം മാധ്യമങ്ങള്‍ യദുവിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്നാണ് ഇടതുപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.

മാധ്യമങ്ങള്‍ക്കും ഡ്രൈവര്‍ക്കും എതിരെ ഡി.വൈ.എഫ്.ഐയും ഇപ്പോള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതാണ് ഡി.വൈ.എഫ്.ഐയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന ആഭാസങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ സ്പോട്ടില്‍ പ്രതികരിക്കണമെന്ന് പറയുന്ന നാട്ടില്‍ അതിനു വേണ്ടി വാദിക്കുന്ന മാധ്യമങ്ങള്‍ തന്നെ ആര്യ രാജേന്ദ്രനെ കടന്നാക്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ചോദിക്കുന്നത്. ഈ ചോദ്യം സൈബര്‍ ഇടങ്ങളിലും ഇപ്പോള്‍ വൈറലാണ്. മാധ്യമങ്ങളുടെയും പ്രതിപക്ഷ സംഘടനകളുടെയും നിലപാടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി രംഗത്തിറങ്ങിയതോടെ സൈബര്‍ ഇടങ്ങള്‍ക്കാണ് ഇപ്പോള്‍ തീ പിടിച്ചിരിക്കുന്നത്. ബസ് ജീവനക്കാരോട് തട്ടിക്കയറി പ്രശ്‌നമുണ്ടാക്കിയ മാധ്യമ പ്രവര്‍ത്തകരുടെ മുന്‍കാല ചെയ്തികള്‍ കൂടി ഓര്‍ത്തിട്ടു വേണം പ്രതികരിക്കാന്‍ എന്ന വിമര്‍ശനമാണ് മാധ്യമങ്ങള്‍ക്ക് എതിരെ ഇടതു പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും മറ്റു കുടുംബാംഗങ്ങളും സഞ്ചരിച്ച വാഗണര്‍ എന്ന ചെറിയ വാഹനത്തെ തിരുവനതപുരം പട്ടത്തെ പ്ലാമൂട് വെച്ച് ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ സൈഡ് ചേര്‍ത്ത് വിവാദ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഓവര്‍ ടേക്ക് ചെയ്ത് കയറിപ്പോകുകയാണ് ഉണ്ടായത്. ഞെട്ടലില്‍ നിന്നും മുക്തരായ കാറില്‍ ഉണ്ടായിരുന്നവര്‍ തുടര്‍ന്ന് ഹോണടിച്ച് കെ.എസ്.ആര്‍.ടി.സിയെ ഓവര്‍ട്ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാറിന്റെ പിന്നിലെ സീറ്റില്‍ ഇരുന്ന മേയറേയും ജേഷ്ഠന്റെ ഭാര്യയേയും നോക്കി ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചതെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഡ്രൈവറുടെ അശ്ലീല ആംഗ്യത്തില്‍ സ്വാഭാവികമായും ഷോക്കായവര്‍ ബസ്സിനെ പിന്തുടരുകയാണ് ഉണ്ടായതെന്നാണ് ഡി.വൈ.എഫ്.ഐ നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ എന്താണ് തെറ്റ് എന്നതാണ് അവരുടെ ചോദ്യം.

പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ ആളിറങ്ങാനുള്ളത് കാരണം ആ സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ പിന്നാലെ എത്തിയ മേയറും സംഘവും കാര്‍ ബസ്സിന് മുന്നില്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങുകയാണ് ചെയ്തതെന്നാണ് കാറില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. അത് ഡ്രൈവര്‍ ചെയ്ത പ്രവര്‍ത്തി ചോദ്യം ചെയ്യുന്നതിനു തന്നെയാണ്. അതല്ലാതെ, ഓടുന്ന കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലേക്ക് വാഗണര്‍ കാര്‍ ഓടിച്ചു കയറ്റി വിലങ്ങിടുകയായിരുന്നില്ല. ഒരു ട്രിപ്പും ഇവിടെ മേയറും കുടുംബവും മുടക്കിയിട്ടില്ല. യാത്രക്കാരെ പെരുവഴിയിലാക്കി എന്ന് കലിതുള്ളുന്നവര്‍ കെ.എസ്.ആര്‍.ടി.സി യാത്ര അവസാനിപ്പിക്കുന്നതിന് ഒരു കിലോമീറ്റര്‍ അകലെ മാത്രമാണ് ബസ് നിര്‍ത്തിയിടേണ്ടി വന്നതെന്നതും ഓര്‍ത്തു കൊള്ളണം. ബസ് യാത്ര അവിടെ അവസാനിപ്പിച്ചതിന് കെ.എസ്.ആര്‍.ടി.സി അധികൃതരാണ് മറുപടി പറയേണ്ടത്. അല്ലാതെ മേയറല്ല. ഇത്തരം ഞരമ്പു രോഗികളുടെ പെരുമാറ്റം മൂലം എത്ര ബസുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ മണിക്കൂറുകളോളം ഇടേണ്ടി വന്നിട്ടുണ്ട് എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് എടുപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരുനിലപാടും മേയറും എം.എല്‍.എയും ഇവിടെ സ്വീകരിച്ചിട്ടില്ല. എന്നിട്ടും രാഷ്ട്രീയ പകയുടെ മാത്രം പേരില്‍ അവരെ വേട്ടയാടാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചിരിക്കുന്നത്. അതെന്തായാലും . . . പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top