മെക്‌സിക്കോയ്ക്ക് ചരിത്രത്തില്‍ ആദ്യമായി വനിത പ്രസിഡന്റ്. 58.3 ശതമാനം വോട്ടുകള്‍ നേടി ക്ലൗഡിയ ഷെയിന്‍ബോം ആണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ കാലാവസ്ഥ ശാസ്ത്രജ്ഞയായിരുന്നു മൊറേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ക്ലൗഡിയ. ഏകദേശം 10 കോടി ആളുകളാണ് ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ ജനാധിപത്യ അവകാശം രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ അവഗണിച്ച് വലിയ തിരക്കായിരുന്നു പോളിങ് സ്റ്റേഷനുകളില്‍ രൂപപ്പെട്ടത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഏകദേശ കണക്കുകള്‍ പുറത്തുവിട്ടത്. അതുപ്രകാരം, ക്ലൗഡിയയുടെ പ്രധാന എതിരാളിയായിരുന്ന സൊചിതില്‍ ഗാല്‍വേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാനായത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലുടനീളം ഷെയിന്‍ബോമിന്റെ ജയം ഉറപ്പിച്ച മട്ടായിരുന്നു, വലിയ ഭൂരിപക്ഷവും പ്രവചിക്കപ്പെട്ടിരുന്നു. എക്‌സിറ്റ് പോളുകളില്‍ ഉള്‍പ്പെടെ ഇവയെ അടിവരയിടുന്നതുമായിരുന്നു.
മെക്‌സിക്കോയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അക്രമാസക്തമായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. മുപ്പതോളം സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെടുകയും തങ്ങള്‍ക്കനുകൂലമായ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള ക്രിമിനല്‍ സംഘങ്ങളുടെ പ്രവൃത്തിയുടെ ഭാഗമായി നൂറുകണക്കിന് സ്ഥാനാര്‍ഥികള്‍ കൊഴിഞ്ഞുപോകുകയും ചെയ്തിരുന്നു.
2014ല്‍ മൊറേന പാര്‍ട്ടി സ്ഥാപിച്ച പോപ്പുലിസ്റ്റ് നേതാവ് ആന്ദ്രേ ഒബ്രഡോറിന്റെ പാതയാണ് ഷെയിന്‍ബോമും പിന്തുടരുന്നത്. ഒബ്രഡോര്‍ മുന്നോട്ടുവച്ച നയങ്ങളും പിന്തുടരുമെന്ന് ഷെയിന്‍ബോം പറഞ്ഞിരുന്നു. പ്രായമായവര്‍, ഭര്‍ത്താവില്ലാത്ത മക്കള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീകള്‍ക്കുള്ള ധനസഹായം, രാജ്യത്തിന്റെ ദരിദ്രമായ പ്രദേശങ്ങളില്‍ മുന്‍നിര അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയായിരുന്നു ഒബ്രഡോറിന്റെ പ്രധാന നയങ്ങള്‍.