അഫ്ഗാനിസ്ഥാന്റെ തോല്‍വിയില്‍ ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കിള്‍ വോണ്‍

അഫ്ഗാനിസ്ഥാന്റെ തോല്‍വിയില്‍ ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കിള്‍ വോണ്‍

സിസി ട്വന്റി ലോകകപ്പ് സെമി ഫൈനലില്‍ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അഫ്ഗാനിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ഇത് അഫ്ഗാന് വേണ്ടത്ര തയാറെടുപ്പ് നടത്താന്‍ കഴിയാതിരുന്നതിനാലാണെന്ന് ചൂണ്ടിക്കാട്ടിയ വോണ്‍ മത്സരം നടന്ന ബ്രയന്‍ലാറ സ്റ്റേഡിയത്തിലെ പിച്ചിനെയും കുറ്റപ്പെടുത്തി.

‘തിങ്കളാഴ്ച രാത്രി സെന്റ് വിന്‍സെന്റില്‍ നടക്കുന്ന ടി-20 ലോകകപ്പ് സെമിയില്‍ അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടിയിരുന്നു. എന്നാല്‍ ആദ്യ സെമിക്കായി ട്രിനിഡാഡിലേക്ക് ചൊവ്വാഴ്ച 4 മണിക്കൂര്‍ ഫ്ലൈറ്റ് വൈകി. അതിനാല്‍ പരിശീലനത്തിനോ പുതിയ സ്റ്റേഡിയത്തെ മനസിലാക്കാനോ അവര്‍ക്ക് സമയമില്ലായിരുന്നു. കളിക്കാരോട് തികഞ്ഞ ബഹുമാനക്കുറവാണ് കാണിച്ചത്. ഇത് ശരിക്കും ഭയപ്പെടുത്തുന്നതാണ്,’ വോണ്‍ തന്റെ എക്സ് അക്കൗണ്ടില്‍ എഴുതി.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ലോകകപ്പിലെ അഫ്ഗാന്റെ സെമി പ്രവേശം. അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ദക്ഷിണാഫ്രിക്ക
ഫൈനലില്‍ എത്തി. ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ടീമിന്റെ വിജയക്കുതിപ്പ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സര വിജയിയെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ നേരിടും.

Top