മനാമ: കൊടും വേനലിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഉച്ചവിശ്രമ നിയമം ബഹ്റൈനിൽ അടുത്ത വർഷം മുതൽ മൂന്ന് മാസങ്ങളിൽ നടപ്പിലാക്കാൻ തീരുമാനം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും കാലാവധി. പുറം ജോലി നിരോധന കാലയളവ് നീട്ടാൻ മന്ത്രിസഭയാണ് തീരുമാനിച്ചത്.
അടുത്ത വർഷം മുതൽ ജൂൺ 15 ന് ആരംഭിക്കുന്ന തൊഴിൽ നിയന്ത്രണം സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമ കാലയളവ് നീട്ടിയത്.
Also Read: ഒമാനികൾക്ക് മാത്രമായി 22 തൊഴിലുകൾ കൂടി
ഉച്ചയ്ക്കുള്ള തൊഴിൽ നിരോധനം രണ്ട് മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടുന്ന തീരുമാനത്തിന് ഇന്നലെ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.
2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വേനൽക്കാല തൊഴിൽ നിരോധനം നടപ്പാക്കിയതിന്റെ അനന്തരഫലങ്ങൾ സംബന്ധിച്ച് സാമൂഹിക സേവനങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി സമർപ്പിച്ച നിവേദനം അംഗീകരിച്ചാണ് മന്ത്രിസഭ ഉച്ച വിശ്രമ നിയമത്തിന്റെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്. തീരുമാനത്തെ മൈഗ്രൻ്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി സ്വാഗതം ചെയ്തു.