മസ്കത്ത്: ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് പുറത്തു ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമം രാജ്യത്ത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയിട്ടുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹാന അവധി നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്‌തമായി ഇത്തവണ രാജ്യത്ത് ചൂട് മേയ് പകുതിയോടെയാണ് ശക്തിയാർജിച്ചത്. സാധാരണ ഏപ്രിൽ അവസാനത്തോടെ ചൂട് തുടങ്ങുകയും മേയ് ആദ്യവാരത്തിൽതന്നെ കനക്കുകയും ചെയ്യുന്നു.
ഇക്കാലയളവിൽ വളരെ പ്രയാസപ്പെട്ടാണ് തൊഴിലാളികൾ പുറത്തുജോലിയെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ഉച്ചവിശ്രമം നിയമം നേരത്തേ നടപ്പാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ, ന്യൂനമർദത്തിൻ്റെ ഭാഗമായി ഇത്തവണ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ലഭിച്ച മഴയാണ് ചൂടിന് അൽപം ആശ്വാസം പകർന്നത്. വൈകിയാണ് തുടങ്ങിയതെങ്കിലും കനത്ത ചൂടാണ് നിലവിൽ രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 45-48 ഡിഗ്രിസെൽഷ്യസിനും ഇടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയ താപനില. ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളും കമ്പനികളുടെ സഹകരിക്കണമെന്ന് അധിക്യതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമലംഘകർക്കുള്ള ശിക്ഷ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകിളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118 ലെ വ്യവസ്ഥകളനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോയെന്ന് ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാ ആ സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയിലൂന്നികഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു.