CMDRF

കൊടുങ്കാറ്റിൽ‌ ആഡംബര നൗക മുങ്ങി; യുകെ വ്യവസായിക്കായി തിരച്ചിൽ

കൊടുങ്കാറ്റിൽ‌ ആഡംബര നൗക മുങ്ങി; യുകെ വ്യവസായിക്കായി തിരച്ചിൽ
കൊടുങ്കാറ്റിൽ‌ ആഡംബര നൗക മുങ്ങി; യുകെ വ്യവസായിക്കായി തിരച്ചിൽ

ലണ്ടൻ; തെക്കൻ ഇറ്റലിയിൽ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് കാണാതായ ആഡംബര നൗകയിൽ അമേരിക്ക കുറ്റവിമുക്തനാക്കിയ യുകെ വ്യവസായി മൈക്ക് ലിഞ്ച് ഉൾപ്പെട്ടിരുന്നുവെന്ന് വിവരം.

22 പേരുമായി സഞ്ചരിച്ചിരുന്ന ആഡംബര നൗകയിൽ മൈക്ക് ലിഞ്ചും ഉണ്ടായിരുന്നതായി സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി അറിയിച്ചു. 11 ബില്യൻ ഡോളർ തട്ടിപ്പിലാണ് മൈക്ക് ലിഞ്ചിനെ കുറ്റവിമുക്തനാക്കിയിരുന്നത്.

ഓട്ടോണമി കോർപ്പറേഷന്റെ സ്ഥാപകനായ ലിഞ്ച്, കാണാതായ നാല് ബ്രിട്ടിഷുകാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ഭാര്യ ഏഞ്ചല ബകേരെസ് രക്ഷപ്പെട്ടുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 56 മീറ്റർ നീളമുള്ള ആഡംബര നൗകയായ ദി ബയേസിയൻ, പലേർമോയുടെ കിഴക്കുള്ള പോർട്ടിസെല്ലോയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു.

പുലർച്ചയോടെ തീരത്തേക്ക് കടൽ ആഞ്ഞടിക്കുകയായിരുന്നു. കാറ്റിനും മഴയ്ക്കും ഇടയിൽ ആഡംബര നൗക മുങ്ങി. 15 പേരെ രക്ഷപ്പെടുത്തിയെങ്കിലും 6 പേരെ കാണാതായി. ലിഞ്ചിനും ഒപ്പമുള്ളവർക്കുമായി വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്.

59 വയസ്സുകാരനായ ലിഞ്ച്, തന്റെ സോഫ്റ്റ്‌വെയർ സ്ഥാപനമായ ഓട്ടോണമിയെ ഹ്യൂലറ്റ്-പാക്കാർഡിന് വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിയായിരുന്നത്. ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിചാരണ നേരിടുന്നതിനായി ബ്രിട്ടനിൽ നിന്ന് യുഎസിലേക്ക് ഇയാളെ കൈമാറുകയായിരുന്നു.

സാങ്കേതിക മേഖലയിലെ വ്യവസായിയും നിക്ഷേപകനുമായ അദ്ദേഹം ബ്രിട്ടനിലും പുറത്തും നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ ലിഞ്ച് കമ്പനിയിലെ സഹപ്രവർത്തകർക്കൊപ്പം ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.

Top