കൊറിയൻ സ്ത്രീകളുടെ ചർമ്മം കണ്ട് അസൂയപ്പെടുന്നവരാണ് നമ്മുടെ നാട്ടിലുള്ള മിക്ക പെണ്ണുങ്ങളും. കാരണം അവരുടെ ചർമ്മം അത്രയും സോഫ്റ്റും സുന്ദരവുമാണ്. ചർമ്മത്തിലെ ഒരു പാട് പോലുമില്ലാത്ത കൊറിയക്കാരെ കണ്ടാൽ ആരായാലും ഒന്ന് കണ്ണ് വച്ച് പോകും. ഇതിൻ്റെയൊക്കെ കാരണം അവരുടെ സൗന്ദര്യ സംരക്ഷണ രീതികൾ തന്നെയാണ്. ചർമ്മ സംരക്ഷണത്തിൽ കൊറിയക്കാർ വ്യത്യസ്തമായ പല ചേരുവകളും ചേർക്കാറുണ്ട്. ഇത്തരത്തിൽ പാൽപ്പൊടി ചേർത്ത് തയാറാക്കുന്ന ഒരു ഫേസ് പായ്ക്ക്.
പാൽ പോലെ തന്നെ ചർമ്മത്തിൽ പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് പാൽപ്പൊടിയും. ഇതിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമ്മത്തെ ശുദ്ധീകരിക്കാനും തിളക്കം കൂട്ടാനും സഹായിക്കും. ഇതിൽ ധാരാളം വൈറ്റമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. ഇതൊക്കെ ചർമ്മത്തിന് വളരെ പ്രധാനമായിട്ടുള്ള ഘടകങ്ങളാണ്. മാത്രമല്ല ചർമ്മത്തിലെ ബ്ലാക്ക് ഹെഡ്സിനെയും വൈറ്റ് ഹെഡ്സിനെയും പുറന്തള്ളാനുള്ള കഴിവും പാൽപ്പെടിയ്ക്കുണ്ട്. ചർമ്മത്തിന് ആവശ്യത്തിന് മൃദുത്വം നൽകാനും ഏറെ സഹായിക്കുന്നതാണ് പാൽപ്പൊടി.
ചർമ്മത്തിൽ മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ അരിപ്പൊടിയ്ക്ക് കഴിയും. ചർമ്മത്തിന് നല്ല തിളക്കവും ഇലാസ്തികതയും നൽകാൻ അരിപ്പൊടി നല്ലതാണ്. മാത്രമല്ല കറുത്ത പാടുകൾ, പിഗ്മൻ്റേഷൻ എന്നിവയെല്ലാം ഇല്ലാതാക്കാനും അരിപ്പൊടി സഹായിക്കും. ചർമ്മത്തിന് നല്ല തിളക്കം നൽകാൻ വളരെയധികം സഹായിക്കുന്നതാണ് അരിപ്പൊടി.
ചർമ്മത്തിൽ നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാൻ പാലിന് കഴിയും. മാത്രമല്ല ചർമ്മം നല്ല തിളക്കമുള്ളതും സോഫ്റ്റാക്കാനും പാൽ ഏറെ നലല്ലതാണ്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണമായ ചുളിവുകളും വരകളുമൊക്കെ ഇല്ലാതാക്കാൻ പാൽ നല്ലതാണ്. പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നതാണ് പാൽ. മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിന് പുനരുജ്ജീവൻ നൽകാൻ പാൽ ഏറെ സഹായിക്കും.
ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് അൽപ്പം തിളപ്പിക്കാത്ത പാൽ കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് നന്നായി മുഖത്തും കഴുത്തിലുമൊക്കെ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.