CMDRF

അമ്പിളിയമ്മാവന് കൂട്ടായി മിനി-മൂൺ

ഒരു സിറ്റി ബസിന്‍റെ നീളമുള്ള ഛിന്നഗ്രഹം 'അർജുന' എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്

അമ്പിളിയമ്മാവന് കൂട്ടായി മിനി-മൂൺ
അമ്പിളിയമ്മാവന് കൂട്ടായി മിനി-മൂൺ

മ്പിളിയമ്മാവന് കൂട്ടായി മിനി-മൂൺ വരുന്നു. രണ്ട് ദിവസത്തിനുളളിൽ കുഞ്ഞൻ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഈ കുഞ്ഞൻ ചന്ദ്രനും ചുറ്റിത്തിരിയുന്നത്. ഏകദേശം 10 മീറ്റർ മാത്രം നീളമുള്ള ചിന്നഗ്രഹം (2024 PT5) ആയിരിക്കുമിത്. ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണിതെന്ന് ശാസ്ത്ര ലോകം പറയുന്നു.

മിനി-മൂൺ ഇവന്‍റ്

“മിനി-മൂൺ ഇവന്‍റുകള്‍” എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘമാണ് വിശദ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം ഒരു സിറ്റി ബസിന്‍റെ നീളമുള്ള ഛിന്നഗ്രഹം ‘അർജുന’ എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹവുമെത്തുന്നത്. തുടർന്ന് രണ്ട് മാസക്കാലം ഭൂമിയെ പരിക്രമണം ചെയ്യുന്ന ഈ ഛിന്നഗ്രഹം ‘കുഞ്ഞ് ചന്ദ്രൻ’ ആയി മാറുമെന്നാണ് അനുമാനം. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്.

3474 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 10 മീറ്റർ നീളമുള്ള ഈ ഛിന്നഗ്രഹം തീരെ ചെറുതാണ്. സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ കാണാനാകില്ല. അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 45 ലക്ഷം കിലോമീറ്റർ അകലെ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇനി ഇത്തരമൊരു മിനി-മൂണ്‍ പ്രതിഭാസത്തിനായി 2055 വരെ കാത്തിരിക്കണമെന്നും ഇതിന് മുൻപ് 1981ലും 2022ലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Top