തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റത്തിനായുള്ള കോണ്‍ക്‌ളേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. അടുത്ത വര്‍ഷം മുതല്‍ വിഷയങ്ങള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മിനിമം മാര്‍ക്ക് കൊണ്ടുവന്നാല്‍ താഴെ തട്ടിലെ ക്ലാസ് മുതല്‍ വേണമെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.
എസ്എസ്എല്‍സിക്ക് വാരിക്കോരി മാര്‍ക്കിടുന്നുവെന്ന ആക്ഷേപം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. ഇത് സമ്മതിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ പുറത്ത് വന്നതും വിവാദമായിരുന്നു. പഴി കേള്‍ക്കുന്നത് ഒഴിവാക്കാനും ഉയര്‍ന്ന മത്സരപരീക്ഷകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പിന്നോട്ട് പോകുന്നത് ഒഴിവാക്കാനുമാണ് സമഗ്ര മാറ്റം. ഇത്തവണ എസ്എസ്എല്‍സി ഫലപ്രഖ്യാപന സമയത്ത് തന്നെ ഇനി സബ്ജക്ട് മിനിമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു. അതിന്റെ മുന്നോടിയായാണ് എസ്സിഇആര്‍ടിയുടെ കോണ്‍ക്ലേവ്.
നിരന്തര മൂല്യനിര്‍ണ്ണയത്തിന് മുഴുവന്‍ മാര്‍ക്കും കിട്ടുന്നതിനാല്‍ നിലവില്‍ എഴുത്തു പരീക്ഷ വിഷയങ്ങള്‍ക്ക് 10 മാര്‍ക്ക് കിട്ടിയാല്‍ പോലും പാസാകുന്ന അവസ്ഥയാണ്. വിഷയങ്ങള്‍ക്ക് 12 മാര്‍ക്ക് മിനിമം കൊണ്ടുവരാനാണ് ആലോചന. 20 ല്‍ 20 നല്‍കുന്ന രീതി മാറ്റി നിരന്തര മൂല്യനിര്‍ണയം കൂടുതല്‍ ശാസ്ത്രീയമാക്കാനും നീക്കമുണ്ട്.