കെ.എസ്.ആര്‍.ടി.യില്‍ ഒരു പ്രതിസന്ധിയും ഇല്ലന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി ഒറ്റ സീറ്റില്‍ പോലും കേരളത്തില്‍ നിന്നും വിജയിക്കില്ലന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. അവര്‍ക്ക് ബാങ്കിലേ അക്കൗണ്ട് തുറക്കാനാകുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നും മന്ത്രി അവകാശപ്പെട്ടു. ഇടതുസര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും അനുകൂലമായ ഘടകങ്ങളാണെന്ന് മന്ത്രി ചൂണ്ടികാട്ടി. യുഡിഎഫിന്റെ എംപിമാര്‍ ജയിച്ച് പോയിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക
ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വിജയസാധ്യത എത്രത്തോളമാണ് ?
നല്ല വിജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇടതു സര്‍ക്കാര്‍ കേരളത്തില്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍- ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ലോകം തന്നെ വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍. കേരളത്തിലെ 2018ലെ വെള്ളപ്പൊക്കം സർക്കാർ കൈകാര്യം ചെയ്ത രീതി മാതൃകാപരമാണ്. അതുപോലെ കോവിഡ് വന്നപ്പോള്‍ എല്ലാ പ്രദേശത്തും കൈകാര്യം ചെയ്തതിനേക്കാളും പാവങ്ങള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും, പട്ടിണിയില്ലാതെ, മരുന്നില്ലാതെ വിഷമിക്കാതെ, എല്ലാവര്‍ക്കും ഓക്സിജന്‍, എല്ലാ ഹോസ്പിറ്റലിലും സൗകര്യങ്ങള്‍ സൗജന്യമായി നല്‍കി ജനങ്ങള്‍ക്ക് വേണ്ടി കോടാനുകോടി പണം ചെലവഴിച്ച ജനങ്ങൾക്ക് വേണ്ടി സര്‍ക്കാര്‍ നിലകൊണ്ടതിനെ കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ട്. 600 രൂപയില്‍ നിന്ന് 18 മാസം മുടങ്ങി കിടന്ന ക്ഷേമ പെന്‍ഷന്‍ കൊടുത്ത് തീര്‍ത്തു എന്ന് മാത്രമല്ല, ഈ കുടിശ്ശിക തീര്‍ത്തതന് ശേഷം ആയിരം വര്‍ധിപ്പിച്ച് 1,600 രൂപയാക്കി. ഇന്ന് ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് മരുന്ന് വാങ്ങാനും ജീവിക്കാനും ഇത് മതിയാകും. ക്ഷേമപെന്‍ഷന്‍ ജനങ്ങളുടെ ജീവിത ഉപാധിയായി മാറിക്കഴിഞ്ഞു. അത് മുടങ്ങുമ്പോഴുണ്ടാകുന്ന വിഷമം ബുദ്ധിമുട്ടുള്ള കാര്യമാണ്. കേന്ദ്ര ഗവണ്‍മെന്റ് നയം കൊണ്ടാണ് മുടങ്ങിയതെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച വലിയ നേട്ടം- കേരളത്തിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് ഒരു കെട്ടിടം പോലും വെച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലായിടത്തും കെട്ടിടങ്ങളായി, സൗകര്യങ്ങളായി. സാധാരണക്കാരുടെയും പട്ടികവിഭാഗങ്ങലുടെയും മക്കള്‍ക്ക് വിദ്യാഭ്യാസം കൊച്ചു ഗ്രാമങ്ങളില്‍ പോലും ലഭിച്ചുതുടങ്ങി. സ്വകാര്യമേഖലയില്‍ നിന്ന് കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാവാത്ത ദുരന്തങ്ങളെ ബുദ്ധിപരമായി മാനേജ് ചെയ്ത ഗവണ്‍മെന്റാണിതെന്ന അഭിപ്രായം ജനങ്ങള്‍ക്കുണ്ട്. ഏകാധിപത്യ പ്രവണതയോടെ മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍, ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള സംസ്ഥാനങ്ങളോടുള്ള ഇടപെടലുകള്‍, സാമ്പത്തികമായി നമുക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചു വയ്ക്കല്‍, ക്ഷേമ പദ്ധതികളെ തടസപ്പെടുത്താനുള്ള ശ്രമം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കി വയ്ക്കുന്ന ബുദ്ധിമുട്ടുകള്‍. പരസ്യത്തില്‍ കാണുന്നതല്ലാതെ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരു ഗുണവും കിട്ടിയിട്ടില്ല എന്ന് ജനങ്ങള്‍ക്കറിയാം. ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഒരു ഗവണ്‍മെന്റിനെ നിലയ്ക്കുനിര്‍ത്താന്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കണം. ഇത്തരം കരിനിയമങ്ങള്‍ക്കും അടിച്ചേല്‍പ്പിക്കപ്പെടുന്ന ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയു. കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫിന്റെ 18 എം.പിമാര്‍ പോയിട്ട് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണ് പറഞ്ഞത് എല്‍.ഡി.എഫിന് വലിയ മുന്‍തൂക്കത്തോടെയുള്ള വിജയം കിട്ടും.
കൊല്ലം- മാവേലിക്കര മണ്ഡലങ്ങളിലെ മത്സരത്തെ എങ്ങനെയാണ് മിനിസ്റ്റര്‍ നോക്കി കാണുന്നത്?
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ കശുവണ്ടി വ്യവസായികളുടെ പ്രശ്നങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ പ്രേമചന്ദ്രന് കഴിഞ്ഞില്ല. മാവേലിക്കരയില്‍ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷിനും കഴിഞ്ഞില്ല. കശുവണ്ടി തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത് കേന്ദ്ര ഗവണ്‍മെന്റ് ആണ്. അതില്‍ ഇവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. പത്തനാപുരത്ത് റബ്ബര്‍ പാര്‍ക്ക് കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്നു. അവിടെ എന്താണ് ഉള്ളത്? ഒരു റബ്ബര്‍ബാന്‍ഡ് പോലും ഉണ്ടാക്കുന്നില്ല. ഇപ്പുറത്ത് ഇന്‍ഫ്രാ പാര്‍ക്കുണ്ട്. കേരള ഗവണ്‍മെന്റിന്റേത്. അവിടെ പല വ്യവസായങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഇത്രയും വിലപിടിപ്പുള്ള സ്ഥലം കേരള സര്‍ക്കാര്‍ കൊടുത്തിട്ടും ആ റബ്ബര്‍ പാര്‍ക്ക് എന്തുകൊണ്ട് പൂര്‍ത്തിയാകുന്നില്ല? കേന്ദ്ര പദ്ധതികളെ കൊണ്ടുവരാന്‍ ശ്രമിക്കുകയും അത് നടപ്പാക്കി വിജയിപ്പിച്ച് ജനങ്ങള്‍ക്ക് കൈമാറുകയും ചെയ്യേണ്ടതാണ് ഒരു ജനപ്രതിനിധിയുടെ ജോലി. സാധാരണക്കാരായ ജനങ്ങള്‍ക്ക് എം.പിയെകൊണ്ട് എന്ത് പ്രയോജനമുണ്ടായി ഏതെങ്കിലും അങ്കണവാടി കൊടുത്തോ, വായനശാല കൊടുത്തോ, സ്‌കൂളുകള്‍ക്ക് കെട്ടിടം വച്ച് കൊടുത്തോ ഒന്നും ഉണ്ടായില്ലല്ലോ. പിന്നെ പറയുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു എസ്‌കലേറ്ററും ലിഫ്റ്റും വച്ചു എന്നാണ്. റെയില്‍വേ സ്റ്റേഷനില്‍ അത് വച്ചതിന് കാരണം, യാത്രക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട് വന്നിറങ്ങുന്ന ഒരു സെന്റര്‍ ആണ് ചെങ്ങന്നൂര്‍. പ്രായമുള്ള അയ്യപ്പന്മാര്‍ക്ക് കേറുന്നതിനും ഇറങ്ങുന്നതിനും എസ്‌കലേറ്ററും ലിഫ്റ്റും വയ്ക്കുന്നത് എം.പിയുടെ വലിയകഴിവാണ് എന്ന് വിചാരിക്കുന്നുണ്ട്. അതൊന്നും വലിയ കാര്യമല്ല.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഡി.എയില്‍ ചേര്‍ന്നതിനെ എങ്ങനെയാണ് നോക്കി കാണുന്നത്?
അതൊരു ഹാസ്യമല്ലേ? എക്കാലത്തും അദ്ദേഹം തമാശക്കാരനാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തിയും ചിരിയുണര്‍ത്തുന്നതാണ്. ഇതില്‍ അത്ഭുതങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ പതിവ് പോലെയുള്ള ഒരു കലാപരിപാടി.
കേരള കോണ്‍ഗ്രസ്സുകളുടെ ലയനം താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇനി യു.ഡി.എഫിലേക്ക് തിരിച്ചു പോക്കുണ്ടോ ?
യു.ഡി.എഫിലേക്ക് ഇനി തിരിച്ചുപോക്കില്ല. കേരള കോണ്‍ഗ്രസുകളുടെ ലയനം നടക്കില്ല. എന്റെ അച്ഛനും ചേര്‍ന്ന് ഉണ്ടാക്കിയ കാലത്തുള്ള കേരള കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടുകള്‍ മാറിപ്പോയി. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരള കോണ്‍ഗ്രസ് ബി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് കൂടുതലും ജനങ്ങള്‍ക്ക് ചാരിറ്റി ചെയ്യുന്ന കാര്യങ്ങളിലും പാവപ്പെട്ടവരെ സഹായിക്കുന്നതിലും ദളിത് വിഭാഗങ്ങള്‍ക്ക് ഒപ്പം നിന്നുള്ള പ്രവര്‍ത്തനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കാലത്ത് മനുഷ്യന്‍ മനുഷ്യനെ സഹായിക്കേണ്ട ആവശ്യമുണ്ട്. അതിനാണ് കേരള കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍തൂക്കം കൊടുക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ലയനം നടക്കില്ല. കാരണം കര്‍ഷകര്‍ കുറഞ്ഞ് കുറഞ്ഞ് വരുന്നു. കര്‍ഷകര്‍ വിഷമത്തിലാണ്. അതിലൊന്നും ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് ഐഡിയോളജി മാറ്റി. പാവപ്പെട്ടവരെ സഹായിക്കുക. അവര്‍ക്ക് നന്മ ചെയുക. രോഗമുള്ളവരുടെയും അവശത അനുഭവിക്കുന്നവരുടെയും കൂടെ നില്‍ക്കുക എന്ന സ്ട്രാറ്റജിയിലേക്ക് കേരള കോണ്‍ഗ്രസ് ബി മാറി. ചാരിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്നുണ്ട്. അച്ഛന്‍ കുറെ സ്വപ്നം കണ്ടതാണ് ലയനം. പക്ഷേ ഒരിക്കലും നടക്കില്ല.
ഷിബു ബേബി ജോണ്‍ താങ്കള്‍ക്കെതിരെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നിലെ കാരണം എന്തായിരിക്കും ?
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പഴഞ്ചൊല്ലുണ്ട്. രാഷ്ട്രീയം പറയാന്‍ അറിയാത്തവര്‍, എതിരാളിയായി വരുന്ന ആളെ പറ്റി പറയാന്‍ അറിയാത്തവര്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തും. അദ്ദേഹത്തിന് രാഷ്ട്രീയം പറയാന്‍ അറിയില്ല. ഞാന്‍ അഞ്ചു തവണയായി ഒരേ നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് മുന്നണിയില്‍ നിന്നായി ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ട് വിജയിക്കുന്നു.അത് പത്തനാപുരത്ത്കാര്‍ക്ക് എന്നോടുള്ള സ്‌നേഹവും അവര്‍ക്ക് എന്നോടുള്ള വിശ്വാസവുമാണ്. അത് ആര്‍ജിക്കാന്‍ കഴിയാത്തതിന് എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ? പേഴ്‌സണല്‍ കാര്യങ്ങള്‍ പറയുന്നത് അന്തസ്സുള്ള രാഷ്ട്രീയത്തിന്റെ ഭാഗമല്ല. പത്തനാപുരത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ അഴിമതിയോ ഉണ്ടെങ്കില്‍ പറയണം. അല്ലാതെ ഒരാളെ വ്യക്തിപരമായി എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇതുപോലെയുള്ള അവസരവാദ രാഷ്ട്രീയം നടത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട. അദ്ദേഹത്തിന്റെ പിതാവ് നല്ല നേതാവായിരുന്നു. മാതൃകയായി കാണേണ്ട വലിയ മനുഷ്യനായിരുന്നു. അയാളെന്തുപറഞ്ഞാലും ഒരു പ്രശ്‌നവുമില്ല. രാഷ്ട്രീയത്തില്‍ അയാള്‍ ഒരു പ്രധാന വ്യക്തിയല്ല.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക