യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും രാത്രിസമയത്ത് ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ. ആരും നിങ്ങളുടെ പേരില്‍ നടപടിയെടുക്കില്ല. അങ്ങനെ നടപടിയെടുത്താല്‍ എന്നെ സമീപിച്ചാല്‍ മതി, പരിഹരിക്കാം. യാത്രക്കാരെ സ്‌നേഹത്തോടെ, സമാധാനത്തോടെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് -കെ.എസ്.ആര്‍.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു.
അതേസമയം, പാലക്കാട്, എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ ഉടൻ വരുമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. നിലവില്‍ തിരുവനന്തപുരത്ത് ശീതീകരിച്ച വിശ്രമമുറി ഉണ്ട്. കോഴിക്കോടിനു പിന്നാലെ അങ്കമാലിയിലും ശീതീകരിച്ച വിശ്രമമുറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാന്‍ മുക്കം നഗരസഭ
93 ഡിപ്പോകളും ലാഭത്തിലാക്കും
അടുത്ത മൂന്ന് മാസത്തിനകം കെ.എസ്.ആര്‍.ടി.സി.യുടെ 93 ഡിപ്പോകളും ലാഭത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ലാഭത്തിലാക്കാന്‍ സാധിക്കാത്തവ ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലെങ്കിലും ആക്കിയെടുക്കും. ഇതിനുള്ള നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു. ഇതുപ്രകാരം ഡിപ്പോകള്‍ക്ക് കൂടുതല്‍ അധികാരം ലഭിച്ചിട്ടുണ്ട്. നിലവില്‍ 15 ഡിപ്പോകള്‍ ഒഴികെ ബാക്കിയുള്ളതെല്ലാം ലാഭത്തിലും ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലുമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
Also Read: കൊല്ലത്ത് വയോധിക കിണറ്റില്‍ വീണു; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍
40 എ.സി. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വരും
രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി 40 ശീതീകരിച്ച സൂപ്പര്‍ ഫാസ്റ്റ് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നതായി മന്ത്രി അറിയിച്ചു. പത്ത് ബസാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യ സര്‍വ്വീസ് ഒക്ടോബര്‍ 10-ന് ആരംഭിക്കാനാണ് തീരുമാനം. വൈഫൈ, ഒരോ സീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. നോണ്‍ സ്റ്റോപ്പ് സര്‍വീസിന് സമാനമായിരിക്കും സര്‍വീസ്. 41 സീറ്റ് ഉണ്ടാകും.