നീറ്റ് പരീക്ഷയിലെ അട്ടിമറി ഗൗരവകരം; സമഗ്ര അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി

നീറ്റ് പരീക്ഷയിലെ അട്ടിമറി ഗൗരവകരം; സമഗ്ര അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്കും (എന്‍ടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്.

നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.നേരത്തെയുണ്ടായിരുന്ന സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച വിവാദവും ഉള്‍പ്പെടെ ഗുരുതരവീഴ്ചകളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാനും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്ര സര്‍ക്കാരിനോ പരീക്ഷാ നടത്തുന്ന ഏജന്‍സിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികള്‍ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top