മൂന്നാമതും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യതയുള്ള ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി തേര് തെളിച്ചതുകൊണ്ടൊന്നും തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാന്‍ പോകുന്നില്ലന്നും, തൃശൂരില്‍ മാത്രമല്ല, കേരളത്തില്‍ ഒരിടത്തും ഒരു അക്കൗണ്ടും അവര്‍ക്ക് തുറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. (ശബരിനാഥുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ)
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത് ?
ഇടതുപക്ഷ ജനാതിപത്യ മുന്നണി മത്സരിക്കുന്നത് 20 സീറ്റിലാണ്. 20 സീറ്റില്‍ മത്സരിക്കുമ്പോള്‍ ഇത്തവണ വലിയ വിജയമുണ്ടാകും എന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്. 20 സീറ്റിലും മത്സരിക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നത് 20 സീറ്റിലും ജയിക്കാനാണ്. ഇടതുപക്ഷ ജനാതിപത്യ മുന്നണി ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ കരുത്തനുസരിച്ച് 20 സീറ്റിലും വിജയിക്കുക എന്നുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. എന്തായാലും ഇടതുപക്ഷത്തിന് വലിയ മേല്‍കൈ ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഈ വിജയ പ്രതീക്ഷയുടെ അടിസ്ഥാനമെന്താണ് ?
പ്രധാനമായും നമ്മുടെ രാജ്യത്തെ രാഷ്ട്രീയമാണ് പ്രധാന പ്രശ്‌നം. ഇന്ത്യ രാജ്യത്തിന്റെ മതനിരപേക്ഷത, ഭരണഘടനയുടെ മൂല്യങ്ങള്‍ ഇതെല്ലം തകര്‍ക്കാന്‍ തീരുമാനിക്കുന്ന ഒരു ഗവണ്‍മെന്റിനെതിരായി രാജ്യം യഥാര്‍ത്ഥത്തില്‍ നടത്തുന്ന ഒരു അന്തിമ ജീവിത സമരമാണിത്. സ്വാഭാവികമായിട്ടും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമല്ല, സവര്‍ണ്ണാധിപത്യത്തിന്റെ കരുത്തില്‍ ഹിന്ദുവില്‍ തന്നെ താഴ്ന്ന വിഭാഗങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ വലിയ തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാകുകയും ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഗവണ്‍മെന്റിനെതിരായി ഇന്ത്യയില്‍ സമാനചിന്താഗതിക്കാരുടെ ശക്തമായ മുന്നേറ്റം ഉയര്‍ന്നുവരണം എന്ന ധാരണ രാജ്യമാകെ ഉയര്‍ന്നുവരുന്നുണ്ട്. ആ ധാരണയുടെ അടിസ്ഥാനത്തില്‍ ബിജെപിക്കെതിരായ വിധിയെഴുത്ത് ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ ബിജെപിക്കെതിരായ വിധിയെഴുത്ത് ഇന്ത്യയിലുണ്ടാകുമ്പോള്‍ വിശിഷ്യാ കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന അധികാരത്തിന്റെ ദാര്‍ഷ്ട്യത്തിനെതിരെ പ്രതികരിക്കാന്‍ കഴിയുന്നത് ഏത് മുന്നണിക്കാണ,് ഏത് പക്ഷത്തിനാണ് എന്ന ചോദ്യമുണ്ടാകും. അതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വസ്തതയോടെ ഏല്പിക്കാന്‍ കഴിയുന്നത് കമ്മ്യൂണിസ്റ്റ്കാരെ മാത്രമായിരിക്കും.
നമ്മുടെ രാജ്യത്ത് ഇന്ത്യ എന്ന പേരില്‍ രാജ്യത്തെ ഭരണകൂടത്തിനെതിരായി ഒരു ബദല്‍ സംവിധാനമുണ്ടായിട്ടുണ്ടെങ്കിലും ആ ബദല്‍ സംവിധാനത്തെ ഏറ്റവും ശക്തമായ ഘട്ടത്തില്‍ നയിക്കേണ്ടത് കമ്മ്യൂണിസ്റ്റ്കാരാണെന്ന ധാരണ ഇന്ത്യയിലുണ്ട്. പ്രത്യേകിച്ച് ഒന്നാം യുപിഎ ഗവണ്‍മെന്റും രണ്ടാം യുപിഎ ഗവണ്‍മെന്റും ഒരേ പ്രധാനമന്ത്രി നയിച്ച രണ്ട് ഗവണ്‍മെന്റുകളാണ്. എന്നാല്‍ ഒന്നാം യുപിഎ ഗവണ്‍മെന്റില്‍ ഇടതുപക്ഷം ഒരു നിര്‍ണായക ശക്തിയായി നിന്ന സാഹചര്യത്തില്‍ രാജ്യത്ത് ഒരു പുതു മിനിമം പരിപാടി നടപ്പിലാക്കപ്പെട്ടു. ആ പൊതു മിനിമം പരിപാടിയുടെ ഗുണഫലങ്ങള്‍ നമ്മുടെ നാട്ടിലനുഭവിക്കാന്‍ കഴിഞ്ഞു. അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചിരുന്ന സാമ്പത്തിക നയത്തെ അവര്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നടപ്പിലാക്കാന്‍ നിര്‍ണായകമായ സ്വാധീനം കൊണ്ട് ഇടതുപക്ഷം അനുവദിക്കാത്തതുകൊണ്ട് രാജ്യത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ഒന്നാം യുപിഎ ഗവണ്‍മെന്റിന് സാധ്യമായി. എന്നാല്‍ അതേ പ്രധാനമന്ത്രിയും അതേ പാര്‍ട്ടിയും യുപിഎ ഗവണ്‍മെന്റിനെ രണ്ടാമത് നയിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത ഗവണ്‍മെന്റാണ് എന്നുള്ളതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിലവാരം തീരുമാനിക്കാനുള്ള അവകാശം കൊടുത്തതുള്‍പ്പെടെ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്ത നടപടികളിലേക്ക് മന്‍മോഹന്‍ സിങ് നയിച്ച ഗവണ്‍മെന്റ് മാറി. അതുകൊണ്ടു തന്നെ ഒരു ബദല്‍ ഗവണ്‍മെന്റിനെ ദിശാബോധത്തോടെ കൊണ്ടുപോകാന്‍ നിര്‍ണായകമായ ശക്തിയായി മാറാന്‍ ഈ രാജ്യത്തെ കമ്മ്യൂണിസ്റ്റ്കാര്‍ക്കെ കഴിയൂ എന്ന ധാരണ വച്ചുകൊണ്ട് രാജ്യത്ത് ബിജെപിക്കെതിരെ ഒരു ബദലുണ്ടെങ്കിലും ആ ബദറില്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് നിര്‍ണായകമായ സ്വാധീനമുണ്ടെങ്കില്‍ മാത്രമേ ഒരു ഫാസിസ്റ്റു വിരുദ്ധ പോരാട്ടം യാഥാര്‍ഥ്യത്തില്‍ സാധ്യമാകൂ എന്ന പൊതുവികാരം ജനങ്ങള്‍ക്കുണ്ട്. കൂറ്മാറാത്ത, സിബിഐയെയും ഇഡിയെയും ഇന്‍കം ടാക്‌സിനെയും പേടിപ്പിക്കാത്ത മോദിയുടെ താടിക്കും കണ്ണുരുട്ടലിനും മുന്‍പില്‍ പകയ്ക്കാതെ പ്രത്യയ ശാസ്ത്രപരമായ വ്യക്തതയോടുകൂടി നില്‍ക്കാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റ്കാരെയായിരിക്കും കേരളം തിരഞ്ഞെടുക്കാന്‍ പോകുന്നത്.
മൂന്നാമത്തെ കാര്യം കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വികസന രാഷ്ട്രീയമാണ്, ഏഴര വര്‍ഷക്കാലമായി കിഫ്ബി ഉള്‍പ്പെടെ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കേരളത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി സാധ്യമാക്കിയത്. പ്രളയകാലത്തും കോവിഡിലും ഒരു ദുരന്തത്തിനും മലയാളിയെ വിട്ടുകൊടുക്കാത്ത വിധം ഇടതുപക്ഷം കാണിച്ച ജാഗ്രത, എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും വെള്ളം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാ മേഖലയിലും വ്യവസായം എന്ന പ്രസക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ആ വികസന പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍, പെന്‍ഷന്‍ കൊടുക്കാനുള്‍പ്പെടെയുള്ള സാധ്യതകളെ നിഷേധിക്കാന്‍ കേരളത്തിന് കിട്ടേണ്ട 57432 കോടി എന്ന കേരളത്തിന്റെ അവകാശവും വിവിധ തലങ്ങളില്‍ തരേണ്ട ഗ്രാന്റും തടഞ്ഞുവെച്ച നടപടിക്കെതിരായി കേരളത്തിലെ ജനവികാരം ഉയരുമെന്ന് മാത്രമല്ല, കേരളത്തിന് കിട്ടേണ്ട എല്ലാം തടഞ്ഞുവെക്കുന്ന നടപടിയെടുക്കുന്നത് ബിജെപി ഗവണ്‍മെന്റാണെങ്കില്‍ ആ ഗവണ്‍മെന്റിനെതിരായ സമരത്തില്‍ കൂട്ടായി നില്‍ക്കാന്‍ പോലും തയ്യാറാകാതെ കേരളത്തിലെ ജനങ്ങളെ ഒറ്റപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നത് എന്നുള്ളതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായാല്‍ അത് സാധാരണക്കാരില്‍ ഇടതുപക്ഷത്തിന് അനുകൂലമായ വികാരമുണ്ടായാലോ എന്ന് പേടിച്ച് പ്രളയത്തില്‍ ഒറ്റപ്പെടുത്തിയതുപോലെ കേരളത്തിലെ ഗവണ്‍മെന്റിനെയും ആ ഗവണ്‍മെന്റിനോട് ഒപ്പമുള്ള മൂന്നരക്കോടി ജനങ്ങളെയും ഒറ്റപ്പെടുത്തി പ്രതിപക്ഷത്തിന്റെ നയസമീപനത്തിനെതിരായി ജനങ്ങള്‍ക്ക് വികാരമുണ്ടാകും. വികസനം നിലനില്‍ക്കണമെങ്കില്‍ കേരളത്തിനുവേണ്ടി കേന്ദ്രത്തില്‍ വാദിക്കാന്‍ കഴിയുന്ന ഒരു സംഘം എംപിമാര്‍ വേണമെന്ന ലക്ഷ്യത്തോടുകൂടി കേരളം പോകും. ഈ മൂന്ന് പ്രസക്തമായ പ്രശനങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്കനുകൂലമായ ജനവിധിയുണ്ടാകും എന്ന്തന്നെയാണ് കരുതുന്നത് .
തൃശ്ശൂരില്‍ ടി എന്‍ പ്രതാപന് പകരം കെ മുരളീധരന്‍ വന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ ?
കേരളത്തില്‍ ഇങ്ങനെ ഒരനുഭവം അപൂര്‍വ്വമായിരിക്കും. തൃശൂര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് തലേദിവസം വരെ ചുട്ടുപഴുത്ത വെയിലില്‍ തന്റെ വികസന സന്ദേശജാഥ നടത്തി ലീഡറുടെ തട്ടകത്തില്‍ നിന്ന് പ്രചാരണമാരംഭിച്ച 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പാണ് നിലവിലുള്ള എംപിയെ മാറ്റിയത്. എന്തിനാണ് നിലവിലുള്ള എംപിയെ മാറ്റിയതെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് ഉത്തരവാദിത്വം പറയേണ്ടിവരും. അതേസമയം വടകരയില്‍ നിലനിന്നിരുന്ന എംപി വടകരയ്ക്ക് യോഗ്യനായ ഒരാളാണെങ്കില്‍ തീര്‍ച്ചയായും വടകരയില്‍ തന്നെ നിലനിര്‍ത്തുമായിരുന്നു. കരുണാകരനെയും അദ്ദേഹത്തിന്റെ മകനെയും തോല്‍പ്പിച്ച തട്ടകമാണ് തൃശ്ശൂരിന്റേത്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായിട്ടുള്ള തൃശ്ശൂരില്‍ ഇടതുപക്ഷ ജനാതിപത്യ മുന്നണി നേടിയ മേല്‍ക്കോയ്മയില്‍ എതിര്‍കക്ഷികളാരാണെന്ന ചോദ്യമുയരുന്നില്ല. ഇടതുപക്ഷത്തിന് ഇത്തവണ വലിയ പിന്തുണ കിട്ടും. ആര് മത്സരിച്ചാലും വി എസ് സുനില്‍കുമാര്‍ വലിയഭൂരിപക്ഷത്തിടുകൂടി തൃശൂരില്‍ വിജയിക്കും.
ഒരു കേന്ദ്രമന്ത്രിയെ ലഭിക്കാന്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപി പറയുന്നത്, ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ ?
തൃശ്ശൂരില്‍ ഒരു കാരണവശാലും ബിജെപി അക്കൗണ്ട് തുറക്കില്ല, അത് തൃശ്ശൂരില്‍ മാത്രമല്ല കേരളത്തിലൊരിടത്തും ബിജെപി അക്കൗണ്ട് തുറക്കില്ല. തൃശ്ശൂരില്‍ തൃശ്ശൂര്‍ക്കാരോട് ഒരു കേന്ദ്രമന്ത്രി, തിരുവനന്തപുരത്തു തിരുവനന്തപുരം കാരോട് ഒരു കേന്ദ്രമന്ത്രി, ആറ്റിങ്ങല്‍ ആറ്റിങ്ങല്‍ കാരോട് ഒരു കേന്ദ്രമന്ത്രി, ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ കേന്ദ്രമന്ത്രിമാര്‍, പിന്നെ കോഴിക്കോടും വയനാടും അപ്പോള്‍ എത്ര കേന്ദ്രമന്ത്രിമാരുണ്ടാകും? ആറ് വര്‍ഷക്കാലം രാജ്യസഭാംഗമായി സുരേഷ് ഗോപി ഇന്ത്യയിലുണ്ടായ കാലഘട്ടത്തിനിടയില്‍ 16 മന്ത്രിസഭ പുനഃസംഘടനകള്‍ നടന്നു. ഒന്നില്‍പോലും സുരേഷ് ഗോപിയെ മന്ത്രിയാക്കിയില്ല. ജനങ്ങള്‍ക്കറിയാം ഇതെല്ലം തട്ടിപ്പാണെന്ന്. 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടില്‍ വരും എന്ന് നല്‍കിയ ഗ്യാരണ്ടി പോലെ മോദിയുടെ ഗ്യാരണ്ടിയാണ്. കേരളത്തിലെ പ്രത്യേകിച്ച് തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ഈ തട്ടിപ്പെല്ലാം മനസ്സിലാകും. അതുകൊണ്ട് കേരളത്തിലെ ഒരു കേന്ദ്രത്തിലും ബിജെപി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുരേഷ് ഗോപിയുടെ തേര് തെളിക്കുന്നത് എന്നാണ് പറയുന്നത്, അതില്‍ ആശങ്കയുണ്ടോ?
ഒരാശങ്കയും ഞങ്ങള്‍ക്കില്ല. ആര് തേര് തെളിച്ചാലും രാഷ്ട്രീയമാണിവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്. ആ രാഷ്ട്രീയത്തില്‍ നല്ല മേല്‍കൈ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുതന്നെ പറഞ്ഞല്ലോ ? മുഖ്യമന്ത്രിക്ക് ഇരിക്കാനായുള്ള കസേരയും പ്രവര്‍ത്തിക്കാനായുള്ള ഓഫീസും രൂപകല്പന ചെയ്തു ബിജെപി. 35 സീറ്റ് കിട്ടുമെന്ന് പ്രഖ്യാപിച്ചു. 140 ല്‍ 35 കൊണ്ടെങ്ങനെ ഭരിക്കുമെന്ന ചോദ്യത്തിന് ബാക്കി കേരളത്തില്‍ നിന്ന് കിട്ടുമെന്ന ഉത്തരം പറഞ്ഞു, ഇപ്പോള്‍ കേരളം ഭരിക്കുമെന്ന് പറഞ്ഞു. അവസാനമുണ്ടായിരുന്ന ഒരു അക്കൗണ്ട് കൂടി കേരളം പൂട്ടിച്ചു. പണമെറിഞ്ഞ പ്രചാരണം നടത്താന്‍ ബിജെപിക്ക് സാധിക്കും. ഇലക്ടറല്‍ ബോണ്ടുകള്‍ ഉള്‍പ്പടെ ധാരാളമായി സമ്പാദിച്ച പണം ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെ കൈയിലുണ്ടാകും. അതെന്നും കണ്ട് ഏതെങ്കിലും വിധത്തില്‍ ഭയചകിതരാകുകയോ രോമാഞ്ചം കൊള്ളുകയോ ചെയ്യുന്നവരല്ല തൃശ്ശൂര്‍ക്കാര്‍. അങ്ങനെ തെറ്റിദ്ധരിക്കേണ്ടതില്ല. ഇത്തവണ വി എസ് സുനില്‍ കുമാറിനൊപ്പമാണ് തൃശൂര്‍.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുക?
മോദി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ജനാധിപത്യമുണ്ടാകില്ല. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ഈ ഘട്ടത്തില്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ബോധപൂര്‍വമായി ആ തിരഞ്ഞെടുപ്പിനിടയില്‍ പ്രത്യേകിച്ചും, ഇലക്ട്റല്‍ ബോണ്ടുവഴി ഉന്നയിക്കപ്പെട്ട അഴിമതിയില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ ഭരണകൂട ഏജന്‍സിയെ ഉപയോഗിച്ചു കൊണ്ട് ഇന്ത്യയുടെ ചരിത്രത്തിലിതുവരെ കാണാത്തതുപോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമൊരു മുഖ്യമന്ത്രിയെ ജയിലിലടക്കുക എന്ന വില കുറഞ്ഞ രഷ്ട്രീയം ഇന്ത്യയില്‍ പയറ്റിയ ബിജെപി ഇനി ഒരു തവണ കൂടി അധികാരത്തില്‍ വന്നാല്‍ ഒരുപക്ഷെ ഇന്ത്യയുടെ ഭരണഘടനയെ തന്നെ മറ്റും വിധത്തിലുള്ള പ്രവര്‍ത്തനം നടത്തും. ഇന്ത്യയെ വൈദേശികന്റെ മുന്‍പില്‍ ഒറ്റിക്കൊടുക്കുന്ന നടപടികളിലേക്ക് പോകും. രാജ്യത്തിന്റെ ജനാധിപത്യമില്ലാതാകും. അതുകൊണ്ട് ആ അപകടത്തിന് ഇന്ത്യ ഇത്തവണ തുനിയില്ല എന്നുതന്നെ ഉറച്ചു വിശ്വസിക്കാം.
രാജ്യത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണ് ?
ഇടതുപക്ഷത്തിന്റെ പ്രസക്തി വളരെയേറെ വര്‍ധിച്ചു വരുന്ന കാലമാണിത്. വര്‍ഗ്ഗീയത അതിഭീകരമാകുന്നു, ഭരണഘടനാ ചോദ്യം ചെയ്യപ്പെടുന്നു, ഇനി ജനാധിപത്യമുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നു, കര്‍ഷകരുള്‍പ്പെടെ രാജ്യത്തിന്റെ സാമാന്യ ജനവിഭാഗം അവര്‍ക്കു ലഭ്യമായിട്ടുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന അപകടകരമായ ഒരു കാലത്ത് നില്‍ക്കുമ്പോള്‍ അതിനെതിരായി പൊരുതാനും അതിനെതിരെ ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും ഇന്ത്യയില്‍ കഴിയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കാണ്. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും ഉന്നയിക്കുന്ന ഈ ബദല്‍ രാഷ്ട്രീയത്തിനോട് കൂടുതല്‍ ആളുകള്‍ ആകര്‍ഷകമാക്കുന്ന തലത്തില്‍ വിവിധമേഖലകളില്‍ കൊച്ചു കൊച്ചു രൂപങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. അതുകൂടി കൂട്ടി ഇടതുപക്ഷം വര്‍ധിത വീര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചു വരുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും പതിനെട്ടാമത് ലോകസഭാ തിരഞ്ഞെടുപ്പ്.
താങ്കളൊരു മുന്‍വിദ്യാര്‍ത്ഥി നേതാവുകൂടിയാണ്, ജെ എന്‍ യുവിലെ ഇടതുപക്ഷ വിജയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
ഇടതുപക്ഷ വിജയം ഒരു ചൂണ്ടുപലകയാണ്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ എത്രയോ തവണ പോയിട്ടുള്ള നേതാവാണ് ഞാന്‍. ബിജെപിയുടെ പോഷകസംഘടനയായിട്ടുള്ള എബിവിപി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിധത്തിലുള്ള പരിശ്രമവും നടത്തി. ജെഎന്‍യു ഒരു സാധാരണ ക്യാമ്പസല്ല. പൊതുരാഷ്ട്രീയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പുറത്തുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്താവുന്ന രാഷ്ട്രീയ കേന്ദ്രമാണ് ജെഎന്‍യു. അതിന്റെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ ഭരണകൂടത്തെത്തന്നെ കേന്ദ്രീകരിച്ചുകൊണ്ട് ഒരുപാട് നടപടികള്‍ ബിജെപിയും ബിജെപിയുടെ രാഷ്ട്രീയ നേതൃത്വവും നമ്മുടെ രാജ്യത്ത് ഭരണത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കി. അതിനെ തൃണവല്‍ക്കരിച്ചുകൊണ്ട്, വലിയ ഭൂരിപക്ഷത്തോടെ ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയിടെ വിദ്യാര്‍ത്ഥികളുടെ മനസ്സ് ഇന്ത്യയുടെ പരിച്ഛേദമാണ്. അവരെങ്ങനെയാണോ ബിജെപിയുടെ ഭാഗമായിട്ടുള്ള എബിവിപിയെ തള്ളിക്കളഞ്ഞത് അതേ പ്രത്യയശാസ്ത്ര കരുത്തോടെ ഇന്ത്യയില്‍ ബിജെപി രാഷ്ട്രീയത്തെയും ജനങ്ങള്‍ തള്ളിക്കളയുമെന്നുള്ളതിന്റെ സൂചനയാണ്.