CMDRF

സംസ്ഥാനത്ത് 1,445 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായെന്ന് മന്ത്രി കെ രാജന്‍; കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്ത് 1,445 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായെന്ന് മന്ത്രി കെ രാജന്‍; കൂടുതല്‍ മലപ്പുറത്ത്
സംസ്ഥാനത്ത് 1,445 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായെന്ന് മന്ത്രി കെ രാജന്‍; കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റെടുക്കാൻ ഉത്തരവായ മിച്ചഭൂമിയുടെ കണക്കുകൾ നിയമസഭയിൽ അറിയിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. 1,445 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കാനാണ് ഉത്തരവായതെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളെ നാലു സോണുകളായി വിഭജിച്ചു. ഓരോ സോണിനും സ്വതന്ത്ര ചുമതലയുള്ള പുതിയ ഡെ. കലക്ടര്‍ തസ്തിക പുതുതായി സൃഷ്ടിച്ച് താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ ചുമതല നല്‍കി. ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടന്ന ധാരാളം കേസുകള്‍ ഈ സംവിധാനത്തിലൂടെ തീര്‍പ്പാക്കാന്‍ കഴിഞ്ഞു.

കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ നാല് സോണല്‍ ലാന്‍ഡ് ബോര്‍ഡ് നിലവില്‍ വന്നതിനുശേഷം 148 മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കാനും 1445.40114 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കാനും കഴിഞ്ഞു. മലപ്പുറത്താണ് ഏറ്റവുമധികം മിച്ചഭൂമി ഏറ്റെടുത്തത്. 1,236 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്തു. കണ്ണൂരില്‍ 87, കോട്ടയത്ത് 81, തൃശൂരില്‍ 39 ഏക്കര്‍ മിച്ചഭൂമിയായി ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുത്തു.

ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാക്കിയത് മലപ്പുറം സോണിലാണ്. ആകെയുണ്ടായിരുന്ന 481 കേസുകളില്‍ 53 കേസുകള്‍ തീര്‍പ്പാക്കി. തൃശൂര്‍ സോണില്‍ 664 മിച്ചഭൂമി കേസുകളാണ് ഉണ്ടായിരുന്നത്. അതില്‍ 29 കേസുകള്‍ തീര്‍പ്പാക്കി. കോട്ടയത്തെ 342 കേസുകളില്‍ 14 എണ്ണവും കണ്ണൂരിലെ 471 കേസുകളില്‍ 52 വും തീര്‍പ്പാക്കി. കേരള ഭൂപരിഷ്‌കരണ റിവ്യൂ ബോര്‍ഡിലും, സര്‍ക്കാര്‍ തലത്തിലും സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി തലത്തിലും യോഗങ്ങള്‍ നടത്തി താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നു.

മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Top