തിരുവനന്തപുരം: പ്രവാസികള്‍ നേരിടുന്ന കടുത്ത വെല്ലുവിളിയായി വിമാന ടിക്കറ്റ് ചൂഷണത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ ആരോപിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതാണെന്നും, സംസ്ഥാന സര്‍ക്കാരിന് ടിക്കറ്റ് ചൂഷണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകകേരള സഭക്കെതിരെ വലിയ പ്രചാരണങ്ങള്‍ ആദ്യഘട്ടത്തില്‍ നടന്നിരുന്നു. ഇപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ നടത്തിയവര്‍ ക്ഷീണിച്ച് അതില്‍ നിന്ന് പിന്മാറുന്നുവെന്നും മന്ത്രി പറഞ്ഞു. ധൂര്‍ത്ത് എന്ന് പറഞ്ഞവര്‍ക്ക് അതില്‍ നിന്ന് ഇപ്പോള്‍ പിന്മാറേണ്ടി വന്നു. അടുത്ത ലോകകേരള സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൂടി പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറയുകയുണ്ടായി.
‘പ്രവാസികള്‍ വലിയ ചൂഷണം നേരിടുന്ന കാര്യമാണ് വിമാന ടിക്കറ്റിന്റെ വര്‍ധനവ്, പ്രത്യേകിച്ചും സീസണിലാണ് അന്യായമായ വര്‍ധനയുണ്ടാകുന്നത്. അത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതികരണം ഉണ്ടായില്ല. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നിലയില്‍ വിമാന കമ്പനികളുടെ ചൂഷണത്തെ നിയന്ത്രിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള ചൂഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്’, മന്ത്രി ആരോപിച്ചു. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുപോയ എംപിമാര്‍ക്ക് ഈ കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനും പ്രവാസികള്‍ക്ക് വേണ്ടി ഈ ചൂഷണം അവസാനിപ്പിക്കുന്നതിനുമായുള്ള ഒറ്റക്കെട്ടായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഉത്തരവാദിത്തം എംപിമാര്‍ വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.