സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡിംഗ് ആവേശകരമായി സമാപിച്ചപ്പോൾ താരമായത് മന്ത്രി മുഹമ്മദ് റിയാസാണ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ റിയാസ് ഓഫ് റോഡ് ജീപ്പിൽ കയറി ഒരു റൈഡ് നടത്തിയതോടെ കണ്ടുനിന്നവരും ഓഫ് റോഡ് പ്രേമികളും ആവേശത്തിലായി. ഓഫ് റോഡ് ഒരു ഒന്നൊന്നര വൈബാണ് എന്ന തലക്കെട്ടോടെ മന്ത്രി തൻ്റെ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകമാണ് തരംഗമായത്.
ഇന്ത്യയിൽ ഏറ്റവുമധികം ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് മലയാളികളാണെന്നും പക്ഷെ കേരളത്തിൽ അതിനുള്ള സൗകര്യങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഇതിനുള്ള സാധ്യതയുണ്ട്. നിയപരമായി എല്ലാ പരിരക്ഷയും നൽകി ഓഫ് റോഡിനുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിൽ ഒരുക്കുന്ന കാര്യം പരിശോധിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെയും വിദേശരാജ്യങ്ങളിലുള്ള ഓഫ് റോഡ് പ്രേമികളെയും ഇവിടേക്ക് ആകർഷിച്ചുകൊണ്ട് ഈ മേഖലയിലെ ടൂറിസം സാധ്യതയെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകളെ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ഓഫ് റോഡ് പ്രേമികൾ കാണുന്നത്.