രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി പി രാജീവ് രംഗത്ത്. രാഹുല്‍ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് എതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടമെങ്കില്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയാണ് മത്സരിക്കേണ്ടത്. അല്ലാതെ ബി.ജെ.പിക്ക് എതിരെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയ ഇടതുപക്ഷത്തിന് എതിരെ ആകരുതായിരുന്നു മത്സരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ നിന്ന് . . .
എറണാകുളത്തെ വിജയ സാധ്യത എത്രത്തോളമാണ് ?
നല്ല വിജയസാധ്യതയാണ് കേരളത്തില്‍ ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിന് രാഷ്ട്രീയം നന്നായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് പ്രകടമായ മാറ്റം എല്ലാ വിഭാഗത്തിലും തെളിഞ്ഞു കാണാന്‍ കഴിയും. കേരളത്തില്‍ എല്ലായിടത്തും ഇടതുപക്ഷത്തിന് അനുകൂലമായിട്ടുള്ള ഒരു രാഷ്ട്രീയ ചുറ്റുപാട് രൂപംകൊണ്ടിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.
കേരളത്തില്‍ എത്ര സീറ്റുകളാണ് ഇത്തവണ ഇടതുപക്ഷം പ്രതീക്ഷിക്കുന്നത് ?
പരമാവധി സീറ്റുകളില്‍ ജയിക്കാന്‍ പ്രവര്‍ത്തിക്കും. ജനങ്ങള്‍ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കും. നല്ല വിജയം ഉണ്ടാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്റെ റിസള്‍ട്ട് യു.ഡി.എഫിന് കിട്ടില്ലേ ?
രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ മത്സരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കാരണം ബിജെപിക്ക് എതിരെയുള്ള പോരാട്ടം നയിക്കുമെന്ന് പറയുന്ന ഒരാള്‍ ബിജെപിക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാണിക്കാതെ, ബിജെപിക്കെതിരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നില്‍ക്കുന്ന ഇടതുപക്ഷത്തിന് എതിരെ മത്സരിക്കാന്‍ വരുമ്പോള്‍ കേരളത്തിലെ മതനിരപേക്ഷവാദികള്‍ ഉള്‍പ്പെടെ അതിനെതിരെയുള്ള ഒരു വികാരം ആയിരിക്കും സ്വീകരിക്കുക.
കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നത് യുഡിഎഫിനെ തുറന്നു കാണിക്കുവാന്‍ കുറെ കൂടി സഹായകരമായിരിക്കും. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കലാണ് മതനിരപേക്ഷവാദികള്‍ ചെയ്യേണ്ടത്. ബിജെപിക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കാന്‍ കഴിയുന്നത് ഇടതുപക്ഷമാണ് എന്ന ചിന്ത ശക്തിപ്പെടുത്തുന്നത്തിലേക്കെത്തും എന്നാണ് ഞാന്‍ കരുതുന്നത്.
മത ന്യൂനപക്ഷങ്ങളുടെ നിലപാട് ഇടതുപക്ഷത്തിന് അനുകൂലമാണോ ?
മനുഷ്യരായ എല്ലാവരുടെയും നിലപാട് ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇപ്പോള്‍ മതനിരപേക്ഷമായ നിലപാട് സ്വീകരിക്കുന്ന എല്ലാ വിഭാഗം ആളുകളുമുണ്ട്. അവര്‍ ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് കരുതുന്നവരാണ്. രാജ്യത്തിന്റെ പൗരത്വം എല്ലാ വിഭാഗം ഒരേപോലെ ആകണം എന്നുള്ളതാണ് പൊതുവേ സ്വീകരിച്ച കീഴ്‌വഴക്കം.
നമ്മുടെ ഭരണഘടന തന്നെ എല്ലാ മനുഷ്യര്‍ക്കുമാണ് തുല്യത നല്‍കുന്നത്. എല്ലാ പൗരന്മാര്‍ക്കുമല്ല. അതുകൊണ്ട് ഒരു വിഭാഗത്തെ ഒഴിവാക്കുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം ആളുകളും മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് ആയിരിക്കും സ്വീകരിക്കുക.
സി.പി.എമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചതില്‍ എന്താണ് സഖാവിന്റെ പ്രതികരണം ?
രാജ്യത്ത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുക എന്ന ഒരു തെറ്റായ രീതി ഈ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്നുണ്ട്. സിപിഎമ്മിനെ സംബന്ധിച്ച് ചില കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാകമ്മിറ്റിക്കുള്ള ഏക അകൗണ്ടാണ് പൊതുമേഖല ബാങ്കിനുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നു, സിപിഐക്ക് നോട്ടീസ് കൊടുക്കുന്നു, സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നു അതെല്ലാം തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ചെയ്യുന്നത് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നതിനുള്ള ഒരു നിഗൂഢമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ്.
കഴിഞ്ഞദിവസം ബംഗാള്‍ സര്‍ക്കാര്‍, കേന്ദ്ര ഏജന്‍സിയിലെ (എന്‍. ഐ.എ) ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരം നിലപാട് ഇവിടെയും സ്വീകരിക്കുമോ ?
അറിയില്ല. നിയമരമായ എല്ലാകാര്യങ്ങളും കേരളത്തില്‍ നിയമപരമായിത്തന്നെയാണ് നടന്നുപോകുന്നത്. അവിടുത്തെ സാഹചര്യം പ്രവചിക്കാനാവില്ല.
ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ ?
അതിന് സാധ്യതയില്ല. നേരത്തെ നിയമസഭയില്‍ അക്കൗണ്ട് തുറന്നിരുന്നു, അത് പൂട്ടിപോവുകയും ചെയ്തു. ഇനി ഓപ്പണ്‍ ചെയ്യാന്‍ പറ്റാവുന്ന ഒരു സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി വന്നുവെന്ന് ഞാന്‍ കരുതുന്നില്ല.
കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യാപകമായാണ് ബി.ജെ.പിയിലേക്ക് പോകുന്നത് എന്താണ് അതിന് കാരണമെന്നാണ് തോന്നുന്നത് ?
കോണ്‍ഗ്രസിന്റെ ആശയം ബിജെപിയുടെ ആശയവുമായി താതാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് അങ്ങോട്ട് പോകുന്നവര്‍ക്ക് വലിയ ആശയക്കുഴപ്പമില്ല. ഒരു മൃദുത്വം ഹിന്ദുത്വം നേരത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. അത് തീവ്ര ഹിന്ദുത്വത്തിലേക്ക് വഴി തുറന്നു. അത് കേരളത്തില്‍ ഇപ്പോള്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു.
കേരളത്തില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നാല്‍, അത് ബി.ജെ.പിക്ക് അല്ലേ ഗുണം ചെയ്യുക ?
കോണ്‍ഗ്രസ് ശരിയായ നിലപാടിലേക്കെത്തുന്നുണ്ടോ ? ആര് വിചാരിച്ചാലും പറ്റാത്ത രൂപത്തില്‍ പത്മജ വേണുഗോപാല്‍, അനില്‍ ആന്റണി
ഇവരെല്ലാം ബിജെപിയിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസ് ഇങ്ങനെ തുടരുന്നതുകൊണ്ടാണ് ബിജെപി ശക്തിപ്പെടുന്നത്. ബിജെപിയിലേക്ക് പോകാനുള്ള അവസ്ഥയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് കൊണ്ട് കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ ബിജെപിയിലേക്ക് പോകുന്നു.
(പ്രതീകരണത്തിൻ്റെ പൂർണ്ണരൂപം വീഡിയോയിലും കാണാം)