വ്യാവസായിക വികസനത്തിന് തമിഴ്നാടുമായി സഹകരണം സാധ്യമെന്ന് മന്ത്രി പി.രാജീവ്

വ്യാവസായിക വികസനത്തിന് തമിഴ്നാടുമായി സഹകരണം സാധ്യമെന്ന് മന്ത്രി പി.രാജീവ്
വ്യാവസായിക വികസനത്തിന് തമിഴ്നാടുമായി സഹകരണം സാധ്യമെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: വ്യാവസായിക വികസനത്തിന് കേരളത്തിനും തമിഴ്നാടിനും സഹകരണം പല തലങ്ങളിലും സാദ്ധ്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇരുസംസ്ഥാനങ്ങളിലേയും വിഭവങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തി ഒരുമിച്ച് വളരാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യവസായ വികസന കോർപ്പറേഷനും (കെ.എസ്‌.ഐ.ഡി.സി) കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സി.ഐ.ഐ) സംയുക്തമായി ചെന്നൈയിൽ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളം നേരിടുന്ന പ്രധാന വെല്ലുവിളി ഭൂമിയുടെ ലഭ്യതയാണ്. വലിയ ഭൂമി ആവശ്യമില്ലാത്ത മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിച്ച് പുതിയ സംരംഭങ്ങൾ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

ഇതിനായി സ്വകാര്യ വ്യവസായ പാർക്കുകളും ക്യാമ്പസ് വ്യവസായ പാർക്കുകളും പ്രോത്സാഹിപ്പിക്കും. 10 ഏക്കർ ഭൂമി ആവശ്യമുള്ള പദ്ധതികൾക്ക് 60 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ നല്കാനായി ലാൻഡ് അലോട്ട്‌മെന്റ് നയത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഓരോ പ്രദേശത്തേയും ഭൂമി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന ലാൻഡ് പൂളിംഗ് പോളിസിയും വലിയ ചുവടുവയ്പ്പാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, സി.ഐ.ഐ തമിഴ് നാട് ഘടകം ചെയർമാൻ ശ്രീവത്സ് റാം, കേരള ഘടകം ചെയർമാൻ വിനോദ് മഞ്ഞില, വ്യവസായി ശ്രീനാഥ് വിഷ്ണു എന്നിവർ സംസാരിച്ചു.

Top