ആലത്തൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചതും , അതുമായി ബന്ധപ്പെട്ടുണ്ടായ വലിയ വാർത്താ പ്രളയത്തെയും പരിഹസിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ രാധാകൃഷ്ണൻ രംഗത്ത്. സീതാറാം യെച്ചൂരി തന്നെ വിളിക്കുന്നതു പോലെ, ‘ബി.ജെ.പി സ്ഥാനാർത്ഥിയെ അവരുടെ നേതാവ് വിളിച്ചു’ എന്ന് നിസാരവൽക്കരിച്ചിരിക്കുകയാണ് ഈ സി.പി.എം നേതാവ്.
എസ്.എഫ്.ഐയെ ക്രിമിനലുകളോട് ഉപമിച്ച ബി.ജെ.പി സ്ഥാനാർത്ഥിയുടെ നടപടിക്കെതിരെയും മന്ത്രി ശക്തമായാണ് പ്രതികരിച്ചത്. എസ്.എഫ്.ഐ ചെയ്ത സേവനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മറുപടി. എ.ബി.വി.പി യും ആർ.എസ്.എസും കാണിച്ച ക്രൂരതകൾ തുറന്നു കാട്ടാനും അദ്ദേഹം തയ്യാറായി.
എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്നും …
ആലത്തൂരിൽ ഇത്തവണ വിജയം ഉറപ്പിച്ചോ ?
തിരഞ്ഞെടുപ്പിൽ ജനങ്ങളാണ് തീരുമാനിക്കുന്നത്. ജനങ്ങളുടെ പ്രതികരണങ്ങൾ നോക്കുമ്പോൾ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് വല്യ മുന്നേറ്റം ഈ മണ്ഡലത്തിൽ ഉണ്ടാക്കാൻ സാധിക്കും. ഈ മണ്ഡലത്തിൽ മാത്രമല്ല നമ്മുടെ സംസ്ഥാനത്ത് തന്നെ വലിയ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാൻ കഴിയും.
ഈ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്ന പ്രധാന വിഷയം ഏതാണ് ?
രാജ്യത്തിന്റെ നിലനിൽപ്പാണ് പ്രധാന വിഷയം. എഴുപത്തിയേഴിലും അടിയന്തിരാവസ്ഥ കാലത്തുമൊക്കെയാണ് ഇത്രയും ഗൗരവത്തോടുകൂടി ജനാധിപത്യത്തെക്കുറിച്ച് ഇത്രയും ചർച്ചകൾ നടന്നിട്ടുള്ളത്. എല്ലാവരും ഒന്നിച്ചുനിൽക്കുക ,അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ജനാധിപത്യ ധ്വംസനങ്ങൾ, മനുഷ്യന്റെ അവകാശങ്ങൾ ഇല്ലാതാക്കിയത്, പാവപ്പെട്ട ആളുകളെ ജയിലിലടക്കുക,സമാനമായ രീതിയിലോ അല്ലെങ്കിൽ അതിനേക്കാൾ കടുത്ത രീതിയിലേക്കോ ആണ് സമൂഹത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്. പൗരാവകാശങ്ങൾ ഓരോന്നോരോന്നായി ഇല്ലാതാകുന്ന സ്ഥിതി, ജനാധിപത്യത്തെക്കുറിച്ചുള്ള കൺസെപ്റ്റ് മാറുന്നു. ഇതെല്ലം ഗൗരവത്തോടുകൂടിയാണ് ജനങ്ങൾ വീക്ഷിക്കുന്നത്.
രമ്യ ഹരിദാസ് ശക്തയായ സ്ഥാനാർത്ഥിയല്ലേ ?
എല്ലാ സ്ഥാനാർത്ഥികളും ശക്തരാണല്ലോ, സ്ഥാനാർത്ഥികൾ ആരെന്നുള്ളതല്ല അവർ പ്രധിനിധാനം ചെയ്യുന്ന ആശയങ്ങൾ എന്താണെന്നുള്ളതാണ് പ്രധാനം. സ്ഥാനാർത്ഥികളെയല്ല ചർച്ചയാക്കാൻ ശ്രമിക്കുന്നത്, ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ നയങ്ങളാണ് ഓരോ തിരഞ്ഞെടുപ്പിലും മുന്നോട്ടുവയ്ക്കുന്നത്. നമ്മുടെ രാജ്യത്തെ മതനിരപേക്ഷത നിലനിർത്തുക, ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, ഫെഡറൽ സംവിധാനങ്ങൾ സംരക്ഷിക്കുക, പൗരാവകാശങ്ങൾ സംരക്ഷിക്കുക, തുല്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുക,എന്നീ ആശയങ്ങൾക്കാണ് പ്രാധാന്യം. അസമത്വങ്ങളില്ലാത്ത സമൂഹമുണ്ടാകണമെന്നാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അടുത്തകാലത്തെ കണക്കുകളനുസരിച്ച് ഇന്ത്യ ബ്രിട്ടീഷുകാരുടെ കാലത്തേക്കാൾ അസമത്വമുള്ള രാജ്യമായി മാറി. ഹാപ്പിനെസ്സ് ഇൻഡക്സിൽ നമ്മുടെ രാജ്യം 126 ആം സ്ഥാനത്താണ്. ഇന്ത്യ വികസിച്ചു, സാമ്പത്തികമായി മുന്നേറി എന്നുപറയുമ്പോഴും കണക്കുകൾ പരിശോധിക്കുമ്പോൾ ദാരിദ്ര്യത്തിൽ രാജ്യം മുന്നിലാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്നു. ലോകരാഷ്ട്രങ്ങൾ പോലും അപലപിക്കുന്ന സ്ഥിതിയിലേക്ക് വന്നിരിക്കയാണ്. ഇങ്ങനെയുള്ളപ്പോഴാണ് കേരളത്തിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെക്കുറിച്ച് നമ്മൾ മനസിലാക്കേണ്ടത്. വികസന സൂചികയെടുത്ത് പരിശോധിക്കുമ്പോൾ കേരളം എല്ലായിടത്തും ഒന്നാം സ്ഥാനത്താണ്. കേരളത്തിൽ അവശേഷിക്കുന്ന 0.48 % അതിദരിദ്രരുടെ സ്ഥിതിയും മെച്ചപ്പെടും. 2025 നവംബർ ഒന്നോടുകൂടി കേരളം അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായ മാറും.
ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായി മോദി നടത്തിയ ഫോൺ സംഭാഷണത്തെ എങ്ങനെയാണ് കാണുന്നത് ?
മോദിയുടെ സ്ഥാനാർത്ഥിയാണല്ലോ. മോദി ബിജെപിയുടെ നേതാവാണ്. അത് വലിയ അത്ഭുതകരമായ കാര്യമല്ല. കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയോട് കോൺഗ്രസ്സ് നേതാക്കൾ സംസാരിക്കുന്നപോലെ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയോട് സിപിഎം നേതാവ് സംസാരിക്കുന്നപോലെയാണ് ഇതും.
എസ്എഫ്ഐ ക്രൂരന്മാരുടെ സംഘടനയായാണ് ആലത്തൂരിലെ ബിജെപി സ്ഥാനാർഥി വിശേഷിപ്പിച്ചത്. എന്താണ് മറുപടി ?
വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി, സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സമരങ്ങൾ നടത്തി എത്രയെത്ര സഖാക്കളുടെ ജീവൻ കൊടുത്തു. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം സമൂഹത്തിന് കിട്ടണമെന്ന് പറഞ്ഞുകൊണ്ടാണ് 1970 ൽ എസ്എഫ്ഐ രൂപംകൊണ്ടത്. ഭൂരിപക്ഷത്തിന് അക്ഷരവിദ്യാഭ്യാസമില്ലാത്ത കാലത്താണ് എല്ലാവർക്കും വിദ്യാഭ്യാസമെന്ന ആശയവുമായി എസ്എഫ്ഐ വരുന്നത്. കേവലം വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളിൽ മാത്രമല്ല എസ്എഫ്ഐ ഇടപെട്ടത്. സമൂഹത്തിന്റെ തിന്മകൾക്കെതിരായി വലിയ രീതിയിൽ ഇടപെട്ട ഒരു സംഘടനയാണ് എസ്എഫ്ഐ. എസ്എഫ്ഐ എന്ന സംഘടനയുടെ പേരിൽ ചില ആളുകൾ എന്തെങ്കിലും ചെയ്‌താൽ അത് എസ്എഫ്ഐ എന്ന സംഘടനയ്ക്ക് പറ്റുന്ന അപചയമല്ല. ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിൽ മനുഷ്യരെ തല്ലിക്കൊല്ലാൻ നേതൃത്വം കൊടുത്ത ആളുകളാണ് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയെ മോശപ്പെടുത്തുന്നത്.
(അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണാം)