ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; അറസ്റ്റിലായവരെ കുറിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് മന്ത്രി എസ് ജയശങ്കര്‍

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; അറസ്റ്റിലായവരെ കുറിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് മന്ത്രി എസ് ജയശങ്കര്‍
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; അറസ്റ്റിലായവരെ കുറിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് മന്ത്രി എസ് ജയശങ്കര്‍

ഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കാനഡയില്‍ വെച്ച് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതക്കായും കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ പൊലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഗുണ്ടാപശ്ചാത്തലമുള്ളവരാണെന്ന് സംശയമുള്ളതായി മന്ത്രി ജയശങ്കര്‍ പറഞ്ഞു. ഇതിനായി കനേഡിയന്‍ പൊലീസിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാനഡയില്‍ സ്ഥിര താമസമാക്കിയവരാണ് പ്രതികള്‍. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന കാനഡയില്‍ സംഭവിക്കുന്നത് അവരുടെ ആഭ്യന്തര രാഷ്ട്രീയം മൂലമാണെന്നും ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി ജയശങ്കര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയെ വിമര്‍ശിക്കുന്നത് ആഭ്യന്തര രാഷ്ട്രീയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ അനുകൂലികളില്‍ ഒരു വിഭാഗം കാനഡയില്‍ ലോബി ഉണ്ടാക്കുകയും വോട്ട് ബാങ്കായി മാറുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്നും ചില പാര്‍ട്ടികള്‍ ഖാലിസ്ഥാന്‍ അനുകൂല നേതാക്കളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് വിസയോ നിയമസാധുതയോ രാഷ്ട്രീയ ഇടമോ നല്‍കരുതെന്ന് തങ്ങള്‍ അവരെ പലതവണ ബോധ്യപ്പെടുത്തിയിട്ടുണ്ട്, ഇത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് പ്രശ്‌നമുണ്ടാക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

Top