CMDRF

‘കോബ്‌സെ’ തിരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പിശക് ഉടന്‍ തിരുത്തുമെന്ന് കോബ്‌സെ ജനറല്‍ സെക്രട്ടറി എം സി ശര്‍മ അറിയിച്ചതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

‘കോബ്‌സെ’ തിരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
‘കോബ്‌സെ’ തിരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്റെ വെബ്പോര്‍ട്ടലില്‍ ബോര്‍ഡ് ഓഫ് ഹയര്‍ സെക്കണ്ടറി എക്സാമിനേഷന്‍സ് കേരള എന്നതിനു പകരം കേരള ബോര്‍ഡ് ഓഫ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ എന്ന് രേഖപ്പെടുത്തിയ സംഭവത്തില്‍ കോബ്‌സെ ജനറല്‍ സെക്രട്ടറിയെ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് ബന്ധപ്പെട്ട് പിശക് തിരുത്താന്‍ ആവശ്യപ്പെട്ടു. പിശക് ഉടന്‍ തിരുത്തുമെന്ന് കോബ്‌സെ ജനറല്‍ സെക്രട്ടറി എം സി ശര്‍മ അറിയിച്ചതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

‘കേരള’ അവസാനം വരേണ്ടതിന് പകരം ആദ്യം വന്നത് കാരണം ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നിരസിക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെയാണ് മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ്

ഇതു സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസിന് ചുമതലപ്പെടുത്തിയിരുന്നു. കോബ്‌സെയുടെ വെബ്സൈറ്റില്‍ ബോര്‍ഡ് ഓഫ് ഹയര്‍ സെക്കണ്ടറി എക്സാമിനേഷന്‍സ്, കേരള എന്നാക്കി തിരുത്തണമെന്നാവശ്യപ്പെട്ട് 2024 മാര്‍ച്ച് 7 ന് കോബ്‌സെ ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എങ്കിലും തിരുത്തല്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ 2024 സെപ്തംബര്‍ 3 ന് വീണ്ടും കത്ത് നല്‍കി. എന്നാല്‍ ഇന്ന് പ്രസ്തുത വെബ്സൈറ്റില്‍ ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍, കേരള എന്ന് തിരുത്തിയതായി കണ്ടു. ഇതും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ വീണ്ടും തിരുത്തുന്നതിന് വേണ്ടി കോബ്സെയ്ക്ക് ഇന്ന് തന്നെ വീണ്ടും കത്ത് നല്‍കിയിരിക്കുകയാണ്. കത്ത് അയച്ചതിന് പിന്നാലെ മന്ത്രി വി ശിവന്‍കുട്ടി കോബ്‌സെ ജനറല്‍ സെക്രട്ടറി എം സി ശര്‍മയെ നേരിട്ട് ബന്ധപ്പെട്ടു. പിശക് ഉടന്‍ തിരുത്തുമെന്ന് എം സി ശര്‍മ മന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Top