കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിനും കെ.പി.സി സി അദ്ധ്യക്ഷന്‍ കെ സുധാകരനുമെതിരെ ആഞ്ഞടിച്ച് മന്ത്രി വി.എന്‍ വാസവന്‍ രംഗത്ത്. ഇന്നത്തെ കോണ്‍ഗ്രസ്സാണ് നാളത്തെ ബി.ജെ.പിയെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സുധാകരന്‍ അഡ്വാന്‍സ് വാങ്ങിയാണ് നില്‍ക്കുന്നതെന്നും പരിഹസിച്ചു.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ :
ഈ തിരഞ്ഞെടുപ്പില്‍ കോട്ടയംമണ്ഡലം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം എന്താണ് ?
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്നം ഒന്ന് , കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തോമസ് ചാഴികാടന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനത്തിന്റെ ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, അദ്ദേഹത്തിന് ലഭിച്ച ഫണ്ട് മുഴുവന്‍ ഒരു പൈസ കൂടാതെ ചെലവഴിച്ച കേരളത്തിലെ ഏക എം പി എന്ന ഖ്യാതി തോമസ് ചാഴികാടന് ലഭിച്ചു. അത് മണ്ഡലമാകെ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നമാണ്. രണ്ട്, ഈ മണ്ഡലത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളായിരുന്നു റെയില്‍വേ വികസനവും അതിന്റെ ഡബിളിങ്ങും അത് നല്ല രൂപത്തില്‍ ഈ കാലഘട്ടത്തില്‍ സാധ്യമാക്കി അത് ചര്‍ച്ച ചെയ്യപ്പെട്ടു. മൂന്ന് കോട്ടയത്തെ പാസ്പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കിയത് അദ്ദേഹത്തിന്റെ ശ്രമഫലമായി തിരിച്ചുകിട്ടി. മറ്റൊന്ന് ഭിന്നശേഹസി സൗഹൃദമണ്ഡലമാക്കി ഈ മണ്ഡലത്തെ മാറ്റിയെടുക്കാന്‍ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടല്‍ ചര്‍ച്ചചെയ്യപ്പെട്ടു. റബര്‍ കൃഷിക്കാരുടേതാണ് മറ്റൊരു ഗൗരവമേറിയ പ്രശ്നം. അത് കോട്ടയം മാത്രമല്ല കേരളം ആകെ ചര്‍ച്ചചെയ്യപ്പെടുന്ന പ്രശ്നത്തിന് ഭാഗമാണ്. കോട്ടയമാണ് പ്രധാന കേന്ദ്രം.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റബറിന്റെ 93 % ഉല്പാദിപ്പിക്കുന്നത് കേരളമാണ്. കേരളത്തില്‍ ഏറ്റവും നല്ല റബ്ബര്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ജില്ല കോട്ടയമാണ്. മീനച്ചില്‍ താലൂക്കിലെയും കാഞ്ഞിരപ്പിള്ളി താലൂക്കിലെയും റബര്‍ അതിന് വലിയ രൂപത്തിലുള്ള വില ഉണ്ടാകാന്‍ ഇടവന്ന സാഹചര്യം ഒന്ന് ആസിയന്‍ കരാറാണ്. രണ്ട് ഈ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ വിഷയത്തെ ഈ സംബന്ധിച്ചിടത്തോളം എങ്ങനെ സമീപിച്ചു എന്നുള്ളത് പോലും ചര്‍ച്ച ചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ സബ്‌സിഡി കൊടുത്തു. കേന്ദ്രം ഒരു സിംഗിള്‍ പൈസ ഈ കാര്യത്തില്‍ സബ്‌സിഡി നല്‍കിയില്ല എന്ന കടുത്ത വിമര്‍ശനം ജനങ്ങളില്‍ ഉണ്ടായി. തോമസ് ചാഴിക്കാടന്‍ പാര്‍ലിമെന്റിന് അകത്തും പുറത്തും റബര്‍ കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കേന്ദ്രത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ റബറിന് 234 രൂപവരെ അന്തര്‍ദേശീയ വിപണികളില്‍ വന്നിട്ടും കേന്ദ്ര ഗവണ്‍മെന്റ് റബര്‍ ബോര്‍ഡ് അനങ്ങാതിരിക്കുകയാണ്. കേരളത്തിലെ റബര്‍ കൃഷിക്കാരന് ഒരു തരത്തിലും മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുന്നു. വിഷയം ഈ മണ്ഡലമാകെ ചര്‍ച്ച ചെയ്യപ്പെട്ട ഗൗരവമേറിയ ഒരു കാര്‍ഷിക മേഖലയിലെ പ്രശ്നമാണ്.
കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് രാജി വച്ചതില്‍ എന്താണ് പ്രതികരണം ?
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് യഥാര്‍ത്ഥത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ നേടും തൂണായി ഉണ്ടായിരുന്നത് അവരുടെ ജില്ലാ പ്രഡിഡന്റ് സജിയായിരുന്നു. എന്തെങ്കിലും പ്രവര്‍ത്തനം കോട്ടയത്ത് സംഘടിപ്പിക്കണമെങ്കില്‍ വാശിയോടെ സജി പ്രവര്‍ത്തിക്കുമായിരുന്നു.അദ്ദേഹം രാജിവച്ചതോടുകൂടി ജോസഫ് വിഭാഗം നാമാവശേഷമായി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും പാര്‍ട്ടി വംശനാശം നേരിടുന്ന രൂപത്തിലേക്കെത്തും. മറ്റൊരാളുടെ രജിസ്ട്രേഷനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അതെങ്ങനെ നിലനില്‍ക്കും. ഒരു മുന്നണി സംവിധാനത്തിന്റെ ബലത്തില്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ അതൊരു പാര്‍ട്ടിയല്ല.
കേരള കോണ്‍ഗ്രസ്സുകളെ ഒതുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നതായി സഖാവിന് തോന്നുന്നുണ്ടോ ?
എല്ലാ കാലഘട്ടത്തിലും കോണ്‍ഗ്രസിനോട് കൂടുന്നവരെയൊക്കെ ഇല്ലായ്മ ചെയ്യുന്ന ഒരു ശൈലിയാണ് കോണ്‍ഗ്രസ് പൊതുവില്‍ സ്വീകരിക്കുക. പിന്നീട് അവരുടെ താല്‍പര്യങ്ങള്‍ തേടി അവര്‍ പോകും. ഇന്ന് രാവിലെ കാപ്പി കുടിച്ച കോണ്‍ഗ്രസ് വൈകുന്നേരം ബിജെപിയാണ്. ഇന്നലെ ഉറങ്ങാന്‍ കിടന്ന കോണ്‍ഗ്രസ് രാവിലെ ബിജെപിയാണ്. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കന്മാരെല്ലാം യഥാര്‍ത്ഥത്തില്‍ ബിജെപിയിലേക്ക് പോകാന്‍ അഡ്വാന്‍സ് വാങ്ങി പാസ്പോര്‍ട്ട് വാങ്ങിയിരിക്കുന്നവരാണ്. കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ മുഖം എന്ന് പറയുന്നത് എ ഗ്രൂപ്പും ഐ ഗ്രുപ്പുമായിരുന്നു. കെ കരുണാകരനും എ കെ ആന്റണിയും. രണ്ട് മുഖങ്ങളുടെയും മക്കള്‍ പോയില്ലേ ? ഐയും എയും അയ്യേ എന്ന രൂപത്തില്‍ അവിടെയെത്തിയില്ലേ ? ഇതുമാത്രമാണോ , ഇന്ത്യയില്‍ 12 മുഖ്യമന്ത്രിമാരാണ് പോയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 148 ജനപ്രധിനിധികളാണ് , ഇപ്പോള്‍ ബിജെപിയുടെ എംപിയും എംഎല്‍എയും ആയിരിക്കുന്നത്. ആര്‍ക്ക് വിശ്വസിക്കാന്‍ കഴിയും ആ പാര്‍ട്ടിയെ ? എന്തെങ്കിലും പ്രലോഭനങ്ങള്‍ അവരുടെ മുന്നില്‍ ഇട്ടുകൊടുത്താല്‍ കോണ്‍ഗ്രസ്സ് അപ്പുറത്ത് പോകും. അവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. ഇടതുപക്ഷത്തിന്റെ ഏതെങ്കിലും എംഎല്‍എയോ എംപിയെയോ അവര്‍ക്ക് റാഞ്ചിക്കൊണ്ടുപോകാന്‍ പറ്റിയോ? അതാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം.
ക്രൈസ്തവ വോട്ടര്‍മാര്‍ക്ക് ഇടതുപക്ഷത്തിനോടുള്ള മനോഭാവം അനുകൂലമാണോ ?
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ക്രൈസ്തവനെന്നോ ഇസ്ലാം എന്നോ പാഴ്‌സി എന്നോ ജൈനനെന്നോ ഹിന്ദുവെന്നോ ഒരു വ്യത്യാസവുമില്ല. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയം മതനിരപേക്ഷതയാണ്. മതനിരപേക്ഷതയില്‍ എല്ലാ ജാതികള്‍ക്കും എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. ഒന്നും ഇല്ലാത്തവര്‍ക്കും സ്ഥാനമുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ , യു.ഡി.എഫിന്റെ അവസ്ഥ എന്താകുമെന്നാണ് തോന്നുന്നത് ?
യുഡിഎഫ് അല്ലെങ്കിലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുകൊണ്ടിരിക്കയല്ലേ ? മുങ്ങുന്ന കപ്പലാണത്. പലരും ചാടി രക്ഷപെട്ടുകൊണ്ടിരിക്കുകയാണ്. സുധാകരന്‍ പോലും അഡ്വാന്‍സ് വാങ്ങി നില്‍ക്കുകയാണ്. ഏതു നിമിഷവും ചാടാം. യുഡിഎഫിന്റെ കാലം കഴിഞ്ഞിരിക്കുന്നു.
ബി.ജെ.പിയുടെ കോട്ടയം മണ്ഡലത്തിലെ സ്വാധീനം എത്രത്തോളമാണ് ?
കോട്ടയം മണ്ഡലത്തില്‍ ഇപ്പോള്‍ ബിഡിജെഎസാണ് മത്സരിക്കുന്നത്. ബിഡിജെഎസ് കോട്ടയം മണ്ഡലത്തില്‍ ജയിക്കാന്‍ യാതൊരു സാധ്യതയുമില്ല. കേരളത്തില്‍ എവിടെയും ബിഡിജെഎസിനോ ബിജെപിക്കോ ഒരു സീറ്റും കിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് ക്ഷീണമുണ്ടാക്കുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ വഴിയുണ്ടോ എന്നുള്ളതാണ് ബിഡിജെഎസിനെ ഇവിടെ ഉപയോഗിക്കുന്നത്തിന്റെ രാഷ്ട്രീയ തന്ത്രം. അത് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ഇപ്രാവശ്യത്തെ റിസള്‍ട്ട് വരുമ്പോള്‍ കാണാന്‍ കഴിയും. ദയനീയമായ പരാജയമായിരിക്കും ബിഡിജെഎസിന് കോട്ടയത്തുണ്ടാവുക.
തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പിയുടെ എല്ലാ വോട്ടുകളും ലഭിക്കുമെന്ന് തോന്നുന്നുണ്ടോ ?
ഒരു നല്ല ശതമാനം വോട്ട് വേര്‍തിരിച്ച് പോകാനാണ് സാധ്യത. തുഷാര്‍ വെള്ളാപ്പിള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തെ സംബന്ധിച്ച് ഭീഷണിയല്ല. നല്ല നിലപാടും ഉറച്ച വിശ്വാസവുമാണ് ഈ കാര്യത്തില്‍ വോട്ടര്‍മാര്‍ക്കുള്ളത്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക