തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടെ സമീപ പ്രദേശങ്ങളില്‍ സംഭവിച്ച തീരശോഷണത്തെ കുറിച്ച് പഠിച്ച ഡോ. എം.ഡി കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തലത്തില്‍ വിശദമായി പരിശോധിക്കുകയാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.
പുണെയിലെ കേന്ദ്ര ജല-ഊര്‍ജ ഗവേഷണകേന്ദ്രം മുന്‍ അഡീഷണല്‍ ഡയരക്ടര്‍ ഡോ. എംഡി കുഡാലെ ചെയര്‍മാനും കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. റിജി ജോസഫ്, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. തേജല്‍ കനിത്കര്‍, കണ്ട്ലാ പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചീഫ് എന്‍ജിനീയര്‍ ഡോ. പി.കെ ചന്ദ്രമോഹന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്.
സമിതി പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് ലത്തീന്‍ സഭയുടെ ഫാ. യൂജിന്‍ പെരേര നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ ചെകുത്താനും കടലിനും നടുക്കാണെന്നും ഫാ. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടിരുന്നു.