ഒരു ദുരന്തമുഖത്ത് എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിന് പ്രകടമായ ഉദാഹരണമാണ് വയനാട്ടില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മേപ്പാടി ഉരുള്‍പൊട്ടലില്‍ സര്‍വതും തകര്‍ത്തെറിയപ്പെട്ട വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് അവിടത്തെ ജനങ്ങള്‍ തന്നെയാണ് സ്വന്തം ജീവന്‍ പണയം വച്ച് നാട്ടുകാരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് അവരുടെ കുടുംബത്തെ നഷ്ടപ്പെട്ടതും നോവുന്ന കാഴ്ചകളാണ്.
ദുരന്തവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ എല്ലാ വകുപ്പുകളുടെയും കേന്ദ്രീകൃത സംവിധാനമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചത് സംസ്ഥാന സര്‍ക്കാരാണ്. പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് തുടങ്ങി, റവന്യൂ, മെഡിക്കല്‍ സംവിധാനങ്ങളെയും ഭക്ഷ്യ വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും വരെ ഉള്‍പ്പെടുത്തി കൂട്ടിയോജിപ്പിച്ച രക്ഷാദൗത്യമാണ് ഇപ്പോഴും ദുരന്ത മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. എന്‍.ഡി.ആര്‍.എഫിനെയും, വ്യോമസേനയും ഉള്‍പ്പെടെ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളുടെ സേവനം തേടാന്‍ ഒരു നിമിഷം പോലും കേരള സര്‍ക്കാര്‍ വൈകിയിട്ടില്ല. ഇത് കര്‍ണ്ണാടക സര്‍ക്കാരും കണ്ടു പഠിക്കേണ്ട പാഠമാണ്. ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ കേരള സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെറിയ ഒരു ശതമാനം ഇടപെടല്‍ കര്‍ണാടക സര്‍ക്കാരും നടത്തിയിരുന്നെങ്കില്‍ ഇപ്പോഴും കാണാമറയത്ത് നില്‍ക്കുന്ന അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ ഒരുപക്ഷേ കണ്ടെത്താമായിരുന്നു. മനുഷ്യജീവന് കേരളം നല്‍കുന്ന പ്രാധാന്യം എന്താണെന്നതു കൂടി വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം രാജ്യത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ണിടിച്ചില്‍ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ എത്രയാണെന്നത് ഇപ്പോഴും വ്യക്തമായി ഉറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. രക്ഷാപ്രവര്‍ത്തനം കൂടി വൈകിയിരുന്നെങ്കില്‍, ആ പ്രദേശമാകെ ശവപ്പറമ്പായി മാറുമായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞവരില്‍ വലിയ ഒരു വിഭാഗത്തെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍, നമ്മുടെ മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
താത്കാലിക പാലത്തിലൂടെയും മറ്റും നിരവധി പേരെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5 മണിയോടെ ഇരുട്ടാകുന്ന മേഖലയാണ് മുണ്ടക്കൈ. അവിടെ താത്കാലിക മാര്‍ഗത്തിലൂടെ രാത്രി ഏഴര വരെ കൊണ്ടുവന്നത് 486 പേരെയാണ്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വല്ലാതെ കുറച്ചിട്ടുണ്ട്. അതല്ലായിരുന്നുവെങ്കില്‍ 400 ലധികം പേര്‍ മറ്റൊരു ഭീതിപ്പെടുത്തുന്ന രാത്രി കൂടി പ്രതീക്ഷയറ്റ് ദുരന്തമുഖത്ത് കഴിയേണ്ടി വരുമായിരുന്നു.
ഉരുള്‍പൊട്ടല്‍ നടന്ന അര്‍ധരാത്രി ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പോലും തിരികെയെത്തി അരയ്‌ക്കൊപ്പം ചെളിയില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ കാഴ്ച മലയാളിയുടെ മനോവീര്യം തുറന്ന് കാട്ടുന്നതാണ്. ചെളിയിലും പാറകള്‍ക്കിടയിലും കുടുങ്ങിയവരെ ജീവന്‍ പണയം വച്ചാണ് ദുരന്തമുഖത്തുനിന്ന് ഇവര്‍ രക്ഷിച്ചത്.
സര്‍ക്കാര്‍ തീരുമാനപ്രകാരം വയനാട്ടില്‍ ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസും, കെ രാജനും, ദുരന്ത സ്ഥലത്ത് നേരിട്ടിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നിരിക്കുന്നത്. മന്ത്രിമാരുടെ ഈ നടപടി രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്. ചെളിയില്‍ ഇറങ്ങി മന്ത്രിമാര്‍ തന്നെ നേരിട്ട് ഇത്തരം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നത് അപൂര്‍വ്വ കാഴ്ചയാണ്. അത്തരമൊരു കാഴ്ചയ്ക്ക് കൂടിയാണ് വയനാട് ഇപ്പോള്‍ സാക്ഷ്യംവഹിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും ചെയ്ത് പൂര്‍ത്തീകരിക്കാതെ, വയനാട്ടില്‍ നിന്നും മടങ്ങില്ലെന്ന നിലപാടിലാണ് മന്ത്രി സംഘമുള്ളത്. ഒപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും.
2018, 19 കാലഘട്ടത്തില്‍ നടന്ന പ്രളയത്തെയും, കരിപ്പൂരില്‍ നടന്ന വിമാന അപകടത്തെയും, അതിജീവിക്കാന്‍ കേരളത്തിന് കരുത്തായതും സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലും മലയാളിയുടെ ഒത്തൊരുമയും മൂലമാണ്. മേപ്പാടിയില്‍ ഇപ്പോള്‍ കാണുന്ന ഈ ഒത്തൊരുമ, ഷിരൂരില്‍ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നത് ഈ രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളെയും താരതമ്യപ്പെടുത്തിയാല്‍ ആര്‍ക്കും തന്നെ മനസ്സിലാക്കാന്‍ സാധിക്കും. മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയതും അതു തന്നെയാണ്.
‘കര്‍ണ്ണാടകയിലെ ഷിരൂരില്‍, സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും രണ്ട് തട്ടിലാണ് പ്രവര്‍ത്തിച്ചത്. പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം അതൊന്നും ഉപയോഗപ്പെടുത്തിയിരുന്നില്ലെന്നാണ്’ മുഹമ്മദ് റിയാസ് തുറന്നടിച്ചത്.
രാത്രി ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞ സുഹൃത്തുക്കള്‍… ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച വീട്ടുകാര്‍… ഭര്‍ത്താവ്, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍… ഈ പട്ടിക നീളുകയാണ്. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ മാനസികാഘാതത്തിലാണിപ്പോള്‍ മുണ്ടക്കൈ, ചൂരല്‍മല നിവാസികള്‍. അവരെ അതില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമമാണ് സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും നിര്‍വ്വഹിക്കുന്നത്. ഇക്കാര്യത്തില്‍, ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. 9 മന്ത്രിമാരാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് ഉപനേതാവ് എല്ലാവരും ദുരന്തമുഖത്തേക്ക് ഓടിയെത്തിയിട്ടുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രി തന്നെ നേരിട്ട് ദുരന്ത മേഖലയിലേക്ക് എത്തുന്നുമുണ്ട്. ഇതുവരെ തിരുവനന്തപുരത്തിരുന്നാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ബുധനാഴ്ച ഉച്ചവരെ മാത്രം നാല് യോഗങ്ങളാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നത്. അത് ഇപ്പോഴും ഇടയ്ക്കിടെ തുടരുന്നുമുണ്ട്.
ചാലിയാര്‍ കേന്ദ്രീകരിച്ചാണ് ഇനി കൂടുതല്‍ തിരച്ചില്‍ നടത്തേണ്ടതുള്ളത്. അതിനായുള്ള നീക്കങ്ങളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നിരവധി മൃതദേഹങ്ങളാണ് ചാലിയാറിലൂടെ ഒലിച്ചുപോയി നിലമ്പൂര്‍ ഭാഗത്ത് എത്തിയത്. മുണ്ടക്കൈ മുതല്‍ നിലമ്പൂര്‍ വരെ ഇതിനായി വ്യാപകമായ തിരച്ചില്‍ നടത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടിയുണ്ടാകും.
വയനാട്ടിലെ ദുരന്തമുഖത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ ഒത്തൊരുമ ദുരന്തമുഖത്തും പ്രകടമായതിന് സോഷ്യല്‍ മീഡിയകളിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബോളിവുഡ് – കോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയാണ് വയനാടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇതിനകം തന്നെ രംഗത്ത് വന്നിരിക്കുന്നത്.
EXPRESS VIEW