സൈബര്‍ കുറ്റകൃത്യം തടയാന്‍ ‘സൈബര്‍ കമാന്‍ഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ

സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക പോര്‍ട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കും

സൈബര്‍ കുറ്റകൃത്യം തടയാന്‍ ‘സൈബര്‍ കമാന്‍ഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ
സൈബര്‍ കുറ്റകൃത്യം തടയാന്‍ ‘സൈബര്‍ കമാന്‍ഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ

ഡല്‍ഹി: സൈബറിടങ്ങളില്‍ കുറ്റകൃത്യം തടയാനുള്ള പദ്ധതികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയ 5000 ‘സൈബര്‍ കമാന്‍ഡോകളെ’ രംഗത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക പോര്‍ട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖ ബാങ്കുകള്‍, സാമ്പത്തിക ഇടനിലക്കാര്‍, ടെലികോം സേവന ദാതാക്കള്‍, ഐടി ഇടനിലക്കാര്‍, സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സൈബര്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാനുള്ള പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഏജന്‍സികളെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.

മീവത്, ജമ്താര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡിഗഡ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളില്‍ സൈബര്‍ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഭാഗമായി വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Top