ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐയിലെ നേതൃനിരയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. കമ്പനിയിലെ ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മുറാട്ടിയും ഉന്നത ഉദ്യോഗസ്ഥരായ ബോബ്, ബാരറ്റ് എന്നിവരും കമ്പനി വിടുകയാണെന്ന് അറിയിപ്പുമായെത്തി. കഴിഞ്ഞ ആറര വര്‍ഷക്കാലമായി ഓപ്പണ്‍ എഐയുടെ ഭാഗമാണ് മിറ മുറാട്ടി. ചെറിയ എഐ ഗവേഷണ സ്ഥാപനം എന്നതില്‍ നിന്ന് ഓപ്പണ്‍ എഐയെ വലിയൊരു ആഗോള കമ്പനിയാക്കുന്നതില്‍ മിറ മുറാട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ട്.
‘ഓപ്പണ്‍ എഐ ടീമിനൊപ്പമുള്ള എന്റെ ആറര വര്‍ഷം അസാധാരണമായ ഭാഗ്യമാണ്. ഞങ്ങള്‍ കേവലം മികച്ച മോഡലുകള്‍ നിര്‍മ്മിക്കുക മാത്രമല്ല, സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൂടെ എഐ സിസ്റ്റങ്ങള്‍ പഠിക്കുകയും വിചിന്തനം ചെയ്യുകയും ചെയ്യുന്ന രീതിയില്‍ അടിസ്ഥാനപരമായി മാറ്റവുമുണ്ടാക്കി’ മിറ പറഞ്ഞു.
ALSO READ: ഹോളിവുഡ് താരങ്ങളുടെ ശബ്ദത്തിൽ സംസാരിക്കാൻ മെറ്റ എഐ
മുമ്പ് കമ്പനി സാം ഓൾട്ട്മാനെ പുറത്തായിക്കതിന് പിന്നാലെ ഓപ്പൺ എഐയുടെ താല്‍ക്കാലികമേധാവിയായി ചുമതലവഹിച്ച വ്യക്തിയാണ് മിറ മുറാട്ടി.കമ്പനിയുടെ പല മുന്‍നിര പദ്ധതികളുടെയും നേതൃത്വത്തിലുണ്ടായിരുന്ന മിറ മുറാട്ടിയുടെ രാജി കമ്പനിയെ സംബന്ധിച്ച് സുപ്രധാന നിമിഷങ്ങളിലൊന്നാണ്. അടുത്തിടെ ചാറ്റ് ജിപിടിയുടെ സ്പീച്ച് ടു സ്പീച്ച് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളില്‍ മിറ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
ഓപ്പണ്‍ എഐ കെട്ടിപ്പടുക്കുന്നതിന് നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് ഓള്‍ട്ട്മാന്‍ രംഗത്ത് വന്നു. രാജിവെച്ച ബോബും, ബാരറ്റും, മിറ മുറാട്ടിയും വ്യക്തിപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായ തീരുമാനമെടുത്തതാണെന്നും ഓള്‍ട്ട്മാന്‍ വ്യക്തമാക്കി.