യുക്രെയ്നിൽ മിസൈൽ ആക്രമണം

യുക്രെയ്നിൽ മിസൈൽ ആക്രമണം

കിയവ്: മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ അഞ്ച് മേഖലയിലെ ഊർജ സംവിധാനങ്ങൾ തകർന്നു. കിഴക്കൻ ഡൊണെസ്‌ക്, തെക്കുകിഴക്കൻ സപ്പോരിസിയ, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിലും കിറോവോഹ്രാദ്, ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലകളിലുമാണ് ശനിയാഴ്ച പുലർച്ച ആക്രമണമുണ്ടായത്. മാർച്ച് മാസം മുതൽ ഊർജ സംവിധാനങ്ങൾക്ക് നേരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണിത്.

ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. ഖാർകിവ് മേഖലയിൽ വീടുകൾക്ക് സമീപമുണ്ടായ ആക്രമണത്തിൽ എട്ട് കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, 53 മിസൈലുകളിൽ 35 എണ്ണവും 47 ഡ്രോണുകളിൽ 46 എണ്ണവും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുക്രെയ്ൻ സൈന്യം അറിയിച്ചു.രണ്ട് താപവൈദ്യുതി നിലയങ്ങൾ തകർന്നതായും ഉപകരണങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ ഉൽപാദക ഗ്രൂപ്പായ ഡിടെക് അറിയിച്ചു.

രാജ്യത്തിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്നും എഫ് 16 വിമാനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വെളോദിമിർ സെലൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് സിവിലിയന്മാർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റതായും റഷ്യ അറിയിച്ചു. ശനിയാഴ്ച ബെൽഗൊറോഡ് മേഖലയിൽ യുക്രെയ്നിന്റെ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായും റഷ്യ അറിയിച്ചു.

Top