CMDRF

യുഎഇയിൽ സിഗ്‌നൽ തെറ്റിച്ചാൽ ഇനി റെഡ് കാർഡ് വീഴും

യുഎഇയിൽ സിഗ്‌നൽ തെറ്റിച്ചാൽ ഇനി റെഡ് കാർഡ് വീഴും
യുഎഇയിൽ സിഗ്‌നൽ തെറ്റിച്ചാൽ ഇനി റെഡ് കാർഡ് വീഴും

ദുബായ്: ​ദുബായിൽ ഗതാഗത നിയമങ്ങള്‍ പരിഷ്‌കരിച്ചു. വാഹനങ്ങൾ റോഡുകളിലെ റെഡ് സിഗ്നൽ മറികടന്നാൽ ഇനി 50,000 ദിര്‍ഹം പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് പ്രാബല്യത്തിലായിരിക്കുന്നത്. കഴിഞ്ഞ വർഷം റോഡുകളിലെ റെഡ് സിഗ്നൽ മറികടന്നതുമൂലം 143 വാഹനാപകടങ്ങളാണ് യുഎഇയിലുണ്ടായത്. ഏറ്റവും കൂടുതൽ ഇത്തരം അപകടങ്ങളുണ്ടായത് ദുബായിലാണ്, 89 എണ്ണം. പൊലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ റോഡില്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്ന വാഹനത്തിന് ഒരു ലക്ഷം ദിര്‍ഹവും നടപ്പാതയിലൂടെ സഞ്ചരിക്കുന്ന വിനോദ മോട്ടോര്‍സൈക്കിളിന് 50,000 ദിര്‍ഹവുമാണ് പിഴ. കൂടാതെ വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്യും.

റെഡ് സിഗ്നൽ മറികടന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് മൊത്തം 86,337 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ നിയമ ലംഘകർ ദുബായിൽ തന്നെയാണ്; 30,810. അബുദാബിയിൽ 28,992 ട്രാഫിക് കേസുകളെടുത്തു. ഷാർജ 7689, അജ്മാൻ 8193, ഉമ്മുൽഖുവൈൻ 379, റാസൽഖൈമ 6522, ഫുജൈറ 3752 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ കണക്കുകൾ. റെഡ് സിഗ്നൽ മറികടക്കുന്നതിനെ ഡ്രൈവർമാർ സൃഷ്ടിക്കുന്ന ദുരന്തങ്ങളായാണ് രാജ്യം കണുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു.

വേഗപരിധി കൂട്ടിയതോ വലിയ ശബ്ദമുണ്ടാക്കുന്ന തരത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതോ ആയ വാഹനങ്ങള്‍ പൊലീസ് പിടികൂടും. ഗതാഗതപിഴ 6000 ദിര്‍ഹം കവിഞ്ഞ വാഹനങ്ങള്‍, വ്യാജനമ്പര്‍ പ്ലേറ്റോ വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റോ ഉപയോഗിക്കുന്നവ, അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍, മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതോ ആയ വാഹനങ്ങള്‍, അനുവദനീയമായ പരിധിക്കപ്പുറമുള്ള ടിന്റഡ് ഗ്ലാസ് ഘടിപ്പിച്ചവ, അനുമതിയില്ലാതെ മുന്‍വശത്തെ ഗ്ലാസില്‍ നിറം നല്‍കിയിരിക്കുന്നവ, പൊലീസ് വാഹനത്തില്‍ മനഃപൂര്‍വം ഇടിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്ന വാഹനങ്ങള്‍, 18 വയസ്സിന് താഴെയുള്ളയാള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുക്കും.

നിരത്തുകളിലെ നിരീക്ഷണ ക്യാമറകളാണ് ചുവപ്പ് സിഗ്നൽ മറികടക്കുന്നവരെ കുടുക്കുന്നത്. റെഡ് സിഗ്നൽ മറികടക്കുന്നവർ ഉണ്ടാക്കാൻ പോകുന്ന അപകടം പ്രവചിക്കാൻ കഴിയില്ലെന്നും അതുവഴി എത്ര പേരുടെ ജീവിതമാണ് ഇല്ലാതാകുന്നത് എന്ന് ഡ്രൈവർമാർ ഓർക്കണമെന്നും പൊലീസ് പറഞ്ഞു.

Top