ബെംഗളൂരു: പൊതുജനങ്ങളെ അഡ്രസ് ചെയ്യാനുള്ള കഴിവില്ലെന്നും അടുക്കളയിലെ യോഗ്യത മാത്രമേ അവര്‍ക്കുള്ളൂവെന്നും ബിജെപി വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ വിവാദ പരാമര്‍ശം നടത്തി കോണ്‍ഗ്രസ് എംഎല്‍എ ശിവശങ്കരപ്പ. കര്‍ണാടകയിലെ ദാവന്‍ഗെരെ പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ഗായത്രി സിദ്ദേശ്വരയ്യയ്‌ക്കെതിരെയാണ് പരാമര്‍ശം. എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ദേശ്വരയ്യയുടെ ഭാര്യ കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
തിരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് ശിവശങ്കരപ്പ ഗായത്രിയുടെ മത്സരിക്കാനുള്ള യോഗ്യതയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച് മോദിക്ക് താമര വിരിയിക്കാനാണ് അവര്‍ ആഗ്രഹിച്ചതെന്നും ആദ്യം അവര്‍ ദാവന്‍ഗെരെയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കട്ടെ, പ്രതിപക്ഷ പാര്‍ട്ടിക്ക് പൊതുജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ശക്തിയില്ലെന്നും ശിവശങ്കരപ്പ പറഞ്ഞു.
പരമ്പരാഗതമായി പുരുഷന്‍മാര്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകള്‍ അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ തുടങ്ങിയെന്ന പ്രതികരണവുമായി ഗായത്രിയും രംഗത്തിയിരുന്നു. ഇന്നത്തെ സ്ത്രീകള്‍ എന്ത് തൊഴിലിലാണ് ഏര്‍പ്പെടാത്തത്. അവര്‍ ആകാശത്ത് പോലും പറക്കുന്നു. എല്ലാ സ്ത്രീകളും എത്ര സ്‌നേഹത്തോടെയാണ് പാചകം ചെയ്യുന്നതെന്നും അവര്‍ക്കറിയില്ലെന്നും ഗായത്രി പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിജെപി വക്താവ് മാളവിക അവിനാശ് അറിയിച്ചു.