തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് എം എം ഹസന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്. ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ്. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യാമുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. കെ പി സി സി മാധ്യമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് ഹസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും ഹസന്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നു നേരത്തെ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. അത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടോയെന്നും ഹസന്‍ ചോദിച്ചു.