മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. എറണാകുളത്ത് സിപിഎമ്മിനെ വളര്‍ത്തിയ നേതാക്കളില്‍ പ്രമുഖനായിരുന്നു.
2015 മുതല്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരുന്ന എം എം ലോറന്‍സ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വി എസ് അച്യുതാനന്ദന്റെ വിമര്‍ശകന്‍ എന്ന നിലയ്ക്കും എംഎം ലോറന്‍സ് ശ്രദ്ധേയനായി. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമായതിനാല്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിനും ലോറന്‍സ് അനഭിമതനായിരുന്നു. 19-ാം വയസില്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളും ജയില്‍വാസവും ട്രേഡ് യൂണിയന്‍ രംഗത്തെ അറിവും പരിചയവുമാണ് എം എം ലോറന്‍സ് എന്ന കരുത്തനായ തൊഴിലാളി നേതാവിനെ പാകപ്പെടുത്തിയെടുത്തത്.
എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, മുനവുറല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.