ലോകത്തെ നാലാമത്തെ സൈനിക ശക്തിയായ ഇന്ത്യ വൻ മുന്നേറ്റമാണ് ആയുധ ഇറക്കുമതിയിലും പുതിയ ടെക്നോളജി വികസിപ്പിക്കുന്നതിലും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റഷ്യ ടുഡേയിൽ വന്ന ഒരു ലേഖനത്തിലാണ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് താമസിയാതെ തന്നെ ആ സ്ഥാനം മൂന്നാമതെത്തുമെന്നും റഷ്യ ടുഡേയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പതിറ്റാണ്ടുകളായി ഇന്ത്യൻ സായുധ സേന അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായ റഷ്യയിൽ നിന്നും നിരവധി സൈനിക ആയുധങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സൈനിക -വ്യോമയാന വിതരണത്തിൻ്റെ പ്രധാന കേന്ദ്രമായി ഫ്രാൻസും മാറിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയെപോലെ തന്നെ ഇസ്രയേലും ഇന്ത്യയ്ക്ക് ആയുധം നൽകുന്ന ഒരു പ്രധാന രാജ്യമായി ഉയർന്നു വന്നിട്ടുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിലാണ് ഇന്ത്യയുള്ളത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരാൻ തുടങ്ങിയപ്പോൾ മേയ്ക്ക് ഇൻ ഇന്ത്യ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ലോക നിലവാരത്തിലുള്ള സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി പ്രത്യേക ശ്രദ്ധയാണ് രാജ്യം കൊടുത്തിരുന്നത്. തദ്ദേശീയമായ രൂപകല്പന, ഗവേഷണം, പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണം, വികസനം എന്നീ മേഖലകളിൽ ഊന്നൽ നൽകിയായിരുന്നു പ്രവർത്തനം. അതിനായുള്ള ധനസഹായവും ഇന്ത്യ വർദ്ധിപ്പിച്ചിരുന്നു. ഇത് മൂലം പ്രതിരോധ നിർമ്മാണ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ ഇന്ത്യക്ക് കഴിഞ്ഞതായും റഷ്യൻ മാധ്യമം എടുത്ത് പറയുന്നുണ്ട്.
യുക്രെയ്നിലെയും ഗാസയിലെയും സംഘർഷങ്ങൾ ആഗോള ആയുധ വ്യാപാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതിനിടെയാണ് ഇന്ത്യ സ്വന്തം നിലയ്ക്ക് കൂടുതൽ കരുത്താർജിക്കാൻ ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം സൈനിക ചെലവിൽ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യയെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശത്തെ പോലെ തന്നെ ഭൂമിയിലും ആധിപത്യം ഉറപ്പിക്കാൻ അമേരിക്ക, റഷ്യ, ചൈന എന്നിവർ നടത്തുന്ന നീക്കങ്ങളെ കുറിച്ചും ഇന്ത്യക്ക് നല്ല ബോധ്യമുണ്ട്.
ലോകം 2.44 ട്രില്യൺ ഡോളറാണ് പ്രതിരോധത്തിനായി ചെലവഴിക്കുന്നത് ഇതിന്റെ 40 ശതമാനമാണ് ബഹിരാകാശ ദൗത്യങ്ങൾക്കായി മുടക്കിയിരിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് നിലവിൽ ഇന്ത്യ. ഇന്ത്യയ്ക്ക് ഇനിയും നിരവധി മേഖലകളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും കയ്യടക്കാനുമുണ്ട് മാത്രമല്ല, നിലവിലുള്ളവയിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിഷ്ക്കരണം നടത്തേണ്ടതായുമുണ്ട്. ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങളുടെ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയ്ക്ക് 42 ഫൈറ്റർ സ്ക്വാഡ്രണുകൾ ആവശ്യമാണെങ്കിലും 31 എണ്ണം മാത്രമാണ് നിലവിലുള്ളത്. റഷ്യയുടെ MiG-21 സ്ക്വാഡ്രണുകളിൽ അവസാനത്തേത് 2025-ൽ സേവനമവസാനിപ്പിക്കും. ആംഗ്ലോ-ഫ്രഞ്ച് ജാഗ്വാർ, റഷ്യൻ മിഗ് -29, ഫ്രഞ്ച് നിർമ്മിത മിറാഷ് 2000 എന്നിവയും സമീപഭാവിയിൽ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നവയാണ്. ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് MK1A വിമാനം 2001-ലാണ് ആദ്യ പറക്കൽ നടത്തിയിരുന്നത്.
ALSO READ: അമേരിക്കൻ യുദ്ധ കപ്പലുകൾ ആക്രമിക്കാൻ ഇറാൻ നീക്കം, മുന്നറിയിപ്പ് നൽകി സി.ഐ.എ, യുദ്ധഭീതിയിൽ ലോകം
ഏകദേശം 50 എണ്ണം മാത്രമേ രാജ്യം നിർമ്മിച്ചിട്ടുള്ളൂ. മികച്ച പ്രവർത്തന ശേഷിയുള്ള 180 തേജസ് വിമാനങ്ങൾ വാങ്ങാൻ സൈന്യം പദ്ധതിയിട്ടിരുന്നെങ്കിലും, അമേരിക്കൻ നിർമ്മിത GE-404 എഞ്ചിൻ വിതരണത്തിൽ കാലതാമസം നേരിട്ടതിനാൽ അതും അവതാളത്തിലായ മട്ടിലാണുള്ളത്. ഫ്രാൻസിൽ നിന്നും റഫാൽ വിമാനങ്ങളുടെ അഞ്ച് സ്ക്വാഡ്രണുകൾക്ക് പുറമെ റഫാൽ മൾട്ടിറോൾ ഫൈറ്റർ ജെറ്റുകളോട് സമാനമായ, 108 എൽസിഎ എംകെ2 വിമാനങ്ങൾ എത്തിക്കാനും ഇന്ത്യയ്ക്ക് നിലവിൽ പദ്ധതിയുണ്ട്.
2026 ഓടെ ഇതിൽ ആദ്യത്തേത് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയുടെ അഞ്ചാം തലമുറയിലെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി, കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ 126 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് ആവശ്യമുള്ളത്. ഇത് 2035-ഓടെ പൂർത്തിയാകും. ഇന്ത്യ യുദ്ധവിമാനങ്ങളുടെ രൂപകല്പനയും വികസനവും ഉൽപ്പാദനവും ത്വരിതപ്പെടുത്തുന്നത് പോലെ തന്നെ IAF ഇറക്കുമതിയിലൂടെയും യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തേണ്ടതുണ്ടെന്നും റഷ്യ ടുഡേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നും 114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതി, ഇപ്പോഴും അനിശ്ചിതത്വത്തിലാണുള്ളത്. ഇതിനായി, ബോയിംഗ് F/A-18E/F സൂപ്പർ ഹോർനെറ്റ്, ബോയിംഗ് F-15EX ഈഗിൾ II, അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ F-21, ഫ്രഞ്ച് Dassault Rafale, യൂറോപ്പിൻ്റെ Eurofighter Typhoon, Swedish Saab JAS-39 Gripen E/F, കൂടാതെ റഷ്യൻ മിക്കോയാൻ മിഗ്-35, സുഖോയ് സു-35 എന്നിവരാണ് നിലവിൽ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോൾ തീരുമാനം ഒന്നും ആയിട്ടില്ലങ്കിലും അധികം താമസിയാതെ തന്നെ, മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ വാങ്ങാനുള്ള കാര്യത്തിലും ഇന്ത്യ തീരുമാനമെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ ഇപ്പോഴും തങ്ങളുടെ പ്രതിരോധ മേഖലയിലെ വികസനത്തിനായും ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള നൂതന സാങ്കേതിക വിദ്യകൾക്കുമായും നിരന്തരം ശ്രമിച്ചു വരികയാണ്. മറ്റൊരു രാജ്യത്തിൻ്റെയും അനുമതി വാങ്ങാതെ തന്നെ എഞ്ചിനും അതിൻ്റെ വകഭേദങ്ങളും തദ്ദേശീയമായി വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള ഇന്ത്യയുടെ അവകാശം ഉയർത്തിപ്പിടിച്ചു തന്നെയാണ് സകല നീക്കങ്ങളും നടത്തുന്നത്. ചൈനയ്ക്ക് ഇപ്പോൾ തന്നെ 300 അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ ഉണ്ട്. 2035-ഓടെ ഇത്തരത്തിലുള്ള 1,000 യുദ്ധ വിമാനങ്ങൾ കൂടിയാണ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.
2030-ഓടെ ഏതാനും അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ പാകിസ്ഥാൻ പോലും ചൈനയുമായും തുർക്കിയുമായും നിലവിൽ ചർച്ചകൾ നടത്തിവരികയുമാണ്. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിൻ്റെ ആവശ്യം പരിഗണിച്ച് അത് സ്വന്തമാക്കാൻ, ഇന്ത്യയും നിർബന്ധിതരായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ റഷ്യയുടെ S-400എയർ ഡിഫൻസ് സിസ്റ്റം ഇന്ത്യ വാങ്ങിയതിനാൽ നിലവിൽ അമേരിക്കയുടെ ആധുനിക പോർവിമാനമായ എഫ്-35 ലഭിക്കാൻ സാധ്യതയില്ല. യുക്രെയിൻ – റഷ്യ യുദ്ധത്തിൽ റഷ്യൻ സൈന്യം വെടി വെച്ചിട്ടതോടെ എഫ് – 35 ൻ്റെ മാർക്കറ്റും ലോക വിപണിയിൽ ഇടിഞ്ഞിട്ടുണ്ട്.
അതേസമയം, റഷ്യയുടെ ആധുനിക പോർവിമാനമായ Su-57 ‘ഫെലോൺ’ അഞ്ചാം തലമുറ വിമാനം ഇന്ത്യയ്ക്ക് അധികം താമസിയാതെ ലഭിക്കും. ഇതിൻ്റെ ഉൽപ്പാദനം വേഗത്തിലാക്കി എന്നാണ് റഷ്യ ടുഡേയും റിപ്പോർട്ട് ചെയ്യുന്നത്. ഈ യുദ്ധ വിമാനത്തിൽ ഒരു രഹസ്യസ്വഭാവമുള്ള “ലോയൽ വിംഗ്മാൻ” ഡ്രോണും ഉണ്ടായിരിക്കും. റഷ്യയ്ക്ക് ഇന്ത്യയോടുള്ള പരിഗണനയുടെ മറ്റൊരു തെളിവാണിത്. റഷ്യയുമായുള്ള മിഗ്-21, മിഗ്-29 വിമാനങ്ങളുടെ വിജയകരമായ നവീകരണത്തിന് ശേഷം, ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനും ചേർന്ന് Su-30 എംകെഐയുടെ നവീകരണത്തിനായുള്ള ചർച്ചകളും നിലവിൽ പുരോഗമിക്കുകയാണ്.
ALSO READ: യുക്രെയ്ന്‍ ഇതുവരെ കാണാത്ത ശക്തമായ സൈനിക നീക്കവുമായി റഷ്യ
സോവിയറ്റ് കാലഘട്ടത്തിലെ AN-32 കപ്പലിന് പകരമായി, 18, 30 ടൺ ചരക്ക് വഹിക്കാനുള്ള ശേഷിയുള്ള മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് കഴിഞ്ഞ വർഷം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് വിദേശ പങ്കാളിത്തത്തോടെ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും, അതിൻ്റെ സായുധ വകഭേദങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. വ്യത്യസ്‌ത വേരിയൻ്റുകളുള്ള 400-ഓളം വിമാനങ്ങൾ ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ട്. 600 എണ്ണം കൂടി ആവശ്യമായി വരുമെന്നതാണ് ഇന്ത്യൻ വ്യോമ സേനയുടെ വിലയിരുത്തൽ.
ഹെലികോപ്റ്ററുകൾക്കുള്ള എഞ്ചിൻ നിർമ്മിക്കുന്നതിനായി ഫ്രാൻസിൻ്റെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിനുകളുമായി ചേർന്ന് ഇന്ത്യ സംയുക്ത സംരംഭവും തുടങ്ങിയിട്ടുണ്ട്. 1970-കളിൽ ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഫ്രഞ്ച് നിർമിതിയാണ് ചീറ്റ, ചേതക് ഹെലികോപ്റ്റർ ശ്രേണികൾ ഇവയ്ക്ക് പകരമായി തദ്ദേശീയമായ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ സ്ഥാപിക്കാനും രാജ്യം പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഇതിനകം തന്നെ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ ‘പ്രചന്ദ്’ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
റഷ്യൻ മിൽ എം ഐ-17 ക്ലാസിൻ്റെ ഇന്ത്യൻ മൾട്ടി റോൾ ഹെലികോപ്റ്ററും സൈന്യത്തിൻ്റെ പക്കലുണ്ട്. ഇന്ത്യൻ എയർ ഫോഴ്സിന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളുടെ കൂട്ടത്തിൽ ഏഴ് റഷ്യൻ ഇല്യുഷിൻ IL-78 വിമാനങ്ങൾ ഉണ്ട്. അതിൽ മൂന്ന് ഏരിയൽ റീഫ്യൂവലിംഗ് സിസ്റ്റമായ UPAZ-1പോഡുകൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അത്തരം കൂടുതൽ വിമാനങ്ങൾ അടിയന്തിരമായി ആവശ്യമാണ്. ഇതിനായി ഇസ്രയേലി എയർക്രാഫ്റ്റ് ഇൻഡസ്ട്രീസിൻ്റെ സഹായമാണ് തേടിയിരിക്കുന്നത്.
യുക്രെയിൻ സംഘർഷങ്ങളും മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങളും, ആളില്ലാ വിമാന സംവിധാനങ്ങളുടെയും ചെറിയ ഡ്രോണുകളുടെയും ആവശ്യകതയെയാണ് എടുത്തുകാണിക്കുന്നത്. ജനറൽ ആറ്റോമിക്സ് MQ 9 പോലെയുള്ള വലിയ വില കൂടിയ ഡ്രോണുകൾ വലിയ പ്രദേശത്തെ നിരീക്ഷണത്തിന് നല്ലതാണെങ്കിലും അവ കരിങ്കടലിലും ചെങ്കടലിലും വെച്ച് തകർക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. റഷ്യയ്ക്കും യുക്രെയ്നും യുദ്ധമുഖത്ത് നിന്നു കൊണ്ട് തന്നെ ഡ്രോൺ ഉൽപ്പാദനവും ഇറക്കുമതിയും വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയും ഇപ്പോൾ ജാഗ്രതയിലാണ്.
സർക്കാർ സംവിധാനങ്ങളായ iDEX, ADITI എന്നിവയ്ക്ക് കീഴിൽ അത്യാധുനിക UAV-കൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ദ്രുതഗതിയിൽ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. ന്യൂസ്‌പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസ്, പാരസ് എയ്‌റോസ്‌പേസ്, വേദ എയ്‌റോനോട്ടിക്‌സ്, ത്രോട്ടിൽ എയ്‌റോസ്‌പേസ്, ഡബ്ല്യുബി ഇലക്‌ട്രോണിക്‌സ് ഇന്ത്യ, ഐഡിയഫോർജ്, ജനറൽ എയ്‌റോനോട്ടിക്‌സ്, ധക്ഷ അൺമാൻഡ് സിസ്റ്റംസ്, താനോസ് ടെക്‌നോളജി തുടങ്ങി 100-ലധികം ഡ്രോൺ സ്റ്റാർട്ടപ്പുകൾ, ഇപ്പോൾ തന്നെ ഇന്ത്യയിലുണ്ട്. ഡ്രോൺ നിർമ്മാണത്തിൽ വിദഗ്ദരായ, ഇറാൻ ഉൾപ്പെടെയുളള സുഹൃത്തുക്കളുമായും ഇന്ത്യ സഹകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
നിലവിലുള്ള സംഘർഷങ്ങൾ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ആവശ്യകതയെ അടിവരയിടുന്നവയാണ്. ഇതിൽ ഇന്ത്യ ഇപ്പോൾ കൂടുതൽ കരുത്തരായി മാറിക്കഴിഞ്ഞു. ആഗോളതലത്തിൽ, ഏത് രാജ്യവും ആഗ്രഹിക്കുന്ന റഷ്യയുടെ എസ്-400, ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷിയെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നത്. കൂടുതൽ എസ് – 400 സംവിധാനങ്ങൾ ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നാണ്, റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: സമാധാന കരാറിന് സ്ഥിരത വേണമെങ്കിൽ റഷ്യ വേണമെന്ന് ഇസ്രയേൽ, അമേരിക്കയെ കൊണ്ട് സാധിക്കില്ല !
ഇന്ത്യൻ നാവികസേനയ്ക്കും കരസേനയ്ക്കും ഹെലികോപ്റ്ററുകളും ഫിക്‌സഡ് വിംഗ് എയർക്രാഫ്റ്റുകളും പോലുള്ള പ്രധാനപ്പെട്ട സൈനിക വ്യോമയാന പ്ലാറ്റ്‌ഫോമുകളിലും വലിയ താൽപ്പര്യമുണ്ട്. രണ്ടിനും ആളില്ല യുദ്ധ വിമാനങ്ങളും ഡ്രോണുകളും ആവശ്യമാണ്. കൂടാതെ, ഇന്ത്യൻ നാവികസേനയ്ക്ക് മിഗ് 29 കെ ഫൈറ്റർ ജെറ്റ് ശേഖരം വർദ്ധിപ്പിക്കേണ്ടതുമുണ്ട്. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം, ഇന്ത്യ, ഫ്രാൻസിൽ നിന്ന് 26 ദസ്സാൾട്ട് റാഫേൽ മറൈൻ ജെറ്റുകൾ വാങ്ങുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതും സൈന്യത്തിൻ്റെ പവർ വർദ്ധിപ്പിക്കും. 2016ൽ ഇന്ത്യ വാങ്ങിയ 36 റാഫേൽ യുദ്ധവിമാനങ്ങൾക്ക് ശേഷം, ഫ്രാൻസുമായി നടക്കുന്ന, ഏറ്റവും വലിയ ഇടപാടായി ഇത് മാറും.
ഇറക്കുമതിയെ അപേക്ഷിച്ച് ഇന്ത്യയും സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങൾ വലിയ വിജയമായി ഇതിനകം തന്നെ മാറിയിട്ടുണ്ട്. നിലവിൽ വിദേശത്തെയും സ്വദേശത്തേയുമായ 45 സംയുക്ത കമ്പനികൾ ഇന്ത്യയിൽ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.ഇന്തോ-റഷ്യൻ സഹകരണത്തിൽ പിന്നെ ബ്രഹ്മോസ് മിസൈൽ പദ്ധതി, അത്തരത്തിലൊന്നാണ്. ഇത് ഇന്ത്യൻ സൈന്യത്തിൻ്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുമുണ്ട്. റഷ്യയുടെ തന്നെ ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിൽ എകെ-203 റൈഫിളുകൾ നിർമ്മിക്കുന്നുണ്ട് 6 ,70,000 റൈഫിളുകളിൽ ആദ്യ ബാച്ച് ഇതിനോടകം തന്നെ ഇന്ത്യൻ സൈന്യത്തിന് നൽകിയിട്ടുണ്ട്.
ഇന്ത്യൻ സൈന്യം പൂർണ്ണമായും ഹൈടെക് ആയി മാറുന്നത് ശത്രുക്കൾക്കാണ് ചങ്കിടിപ്പ് ഏറ്റുക. സഫ്രാനും എച്ച്എഎല്ലും ചേർന്ന് 1,500 ഓളം ഹെലികോപ്റ്റർ എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു യുദ്ധവിമാനം നിർമ്മിക്കുന്നതിനുള്ള 100% സാങ്കേതിക കൈമാറ്റവും സഫ്രാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പും, ഇസ്രയേലി ആയുധ ഭീമനായ എൽബിറ്റ് സിസ്റ്റംസും തമ്മിലുള്ള സംയുക്തസംരംഭം, ആഗോള ആവശ്യങ്ങൾക്കായി ഹെർമിസ് യുഎവികൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനു വേണ്ടിയുള്ളതാണ്.
അതുപോലെ, എഫ്-16 വിമാനങ്ങൾ, സി-130, അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ എന്നിവയ്‌ക്കായുള്ള നിരവധി എയ്‌റോ-സ്ട്രക്ചറുകളും, ഇന്ത്യയിൽ നിർമ്മിച്ചതാണ്. Airbus, BAE, Boeing, Collins Aerospace, Dassault Aviation, Israel Aerospace Industries, Pilatus, Lockheed Martin, Raytheon, Rafael, Thales എന്നിവയെല്ലാം തന്നെ, സംയുക്ത സഹകരണം വഴി സ്ഥാപിക്കപ്പെട്ടവയാണ്. ആഗോള തലത്തിൽ ഇന്ത്യയ്ക്ക് ഉന്നതമായ സ്ഥാനം ഉറപ്പിക്കാൻ, പ്രതിരോധരംഗത്തെ ഈ സ്വദേശിവൽക്കരണവും നിർണായകമായതായാണ് റഷ്യ ടുഡേയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വീഡിയോ കാണാം