ലഖ്‌നൗ; കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലും മിന്നിത്തിളങ്ങിയ മോദി പ്രഭാവത്തിന് ഇത്തവണ മങ്ങലേറ്റു. കഴിഞ്ഞ തവണ വരാണസി മണ്ഡലത്തിൽനിന്ന് 4,79,505 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മോദിയുടെ ഭൂരിപക്ഷം കുറയാതിരിക്കാൻ ഇത്തവണ പ്രവർത്തകർ ആഞ്ഞു ശ്രമിച്ചെങ്കിലും 1,52,513 ആയി കുത്തനെ കുറഞ്ഞു. ഒരു ഘട്ടത്തിൽ ആറായിരത്തിലധികം വോട്ടിന് മോദി പിറകിൽ പോവുക പോലുമുണ്ടായി.
മോദി 6,12,970 വോട്ട് നേടിയപ്പോൾ മുഖ്യ എതിരാളി കോൺഗ്രസിലെ അജയ് റായ് 4,60,457 വോട്ട് പിടിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ എതിരാളിയായി എത്തിയപ്പോൾ പോലും മോദി 3,71,784 വോട്ടിന്റെ മൂൻതൂക്കം മണ്ഡലത്തിൽ നേടിയിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ വാരാണസിയില്‍ മോദി പിന്നിലായിരുന്നു എന്നതും മറ്റൊരു ശ്രദ്ദേയമായ കാര്യമാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അജയ് റായിയുടെ കുതിപ്പിനാണ് ആദ്യ മണിക്കൂറില്‍ വാരാണസി സാക്ഷ്യം വഹിച്ചത്. ആദ്യ ഘട്ടത്തില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നേടിയെങ്കിലും അത് നിലനിര്‍ത്താന്‍ അജയ് റായിക്കായില്ല. പിന്നാലെ നരേന്ദ്രമോദി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോട്ടും. 2019-ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം. എന്നാല്‍, ഇത്തവണ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.