ന്യൂഡൽഹി: കത്തുന്ന ഭരണഘടനാ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെന്ന് അവകാശപ്പെട്ട് രാഹുൽ ഗാന്ധി കാണിച്ച പുസ്തകം ശൂന്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
താൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് മോദിക്ക് തോന്നിയത് ഭരണഘടന വായിക്കാത്തതിനാലാണ് എന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് ഭരണഘടനയാണ്. ബിർസ മുണ്ടെ, ഡോ.ബി.ആർ അംബേദ്ക്കർ, മഹാത്മ ഗാന്ധി എന്നിവരുടെ ആശയങ്ങളാണ് ഭരണഘടനയിൽ ഉൾപ്പെട്ടിരുന്നത്. അതേസമയം, രാഹുൽ ഗാന്ധി ഉയർത്തിപിടിച്ച ചുവന്ന നിറത്തിലുള്ള ഭരണഘടന സംബന്ധിച്ചും വിവാദം ഉയർന്നിരുന്നു. അർബൻ നക്സലുകളെ പിന്തുക്കാനാണ് രാഹുൽ ചുവന്ന നിറത്തിലുള്ള ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രാഷ്ട്രീയ പ്രതികരണം.
Also Read : തുടരുന്ന കലാപം; മണിപ്പൂരിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ
ഭരണഘടന ചുവപ്പ് നിറത്തിലായാലും നീല നിറത്തിലായാലും തങ്ങൾ അതിനെ സംരക്ഷിക്കുമെന്ന് രാഹുൽ പറഞ്ഞു. അതോടൊപ്പം ഭരണഘടനക്ക് വേണ്ടി ജീവൻ വെടിയാൻ പോലും ഞങ്ങൾ തയാറാണ്. തീരുമാനമെടുക്കുമ്പോൾ ആദിവാസികൾക്കും ദലിതർക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.