ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം നഷ്ടപ്പെടാനുള്ളത് ബി.ജെ.പിയ്ക്കും അവരുടെ മുന്നണിയ്ക്കും മാത്രമാണ്. കാരണം 80 ലോക്‌സഭ അംഗങ്ങള്‍ ഉള്ള യു.പിയില്‍ അടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം സീറ്റുകളും 2019 -ല്‍ തൂത്തു വാരിയിരിക്കുന്നത് ബി.ജെ.പി സഖ്യമാണ്.
പ്രതിപക്ഷ പാര്‍ട്ടികളില്‍ കോണ്‍ഗ്രസ് 52 സീറ്റ് നേടിയപ്പോള്‍ ഡി.എം.കെ മത്സരിച്ച 24 സീറ്റുകളിലും വിജയിക്കുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ്സിന് 22 സീറ്റുകളും സമാജ് വാദി പാര്‍ട്ടിക്ക് 5 സീറ്റുകളുമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരിക്കുന്നത്. ഇടതുപാര്‍ട്ടികള്‍ക്കും എന്‍.സി.പിക്കും 5 സീറ്റുകള്‍ വീതവും ജെ.എം.എം എ.എ.പി പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുകളുമാണ് 2019 -ല്‍ ലഭിച്ചിരിക്കുന്നത്.
മറ്റു പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ വൈ.എസ്. ആര്‍. കോണ്‍ഗ്രസ്സും ബിജു ജനതാദളും നിലവില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ല. ഈ രണ്ട് പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കിയാല്‍ അതും ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് പോകാനാണ് സാധ്യത. ശിവസേനയിലെ പിളര്‍പ്പോടെ ഈ വിഭാഗത്തിന്റെ പിന്തുണയും മോദി സര്‍ക്കാറിനാണ് ലഭിച്ചിരിക്കുന്നത്.
ഇതാണ് ഇതുവരെയുള്ള അവസ്ഥയെങ്കില്‍ 2024-ലെ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ചിത്രം വലിയ രൂപത്തില്‍ മാറിയിട്ടുണ്ട്. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യം വന്നതാണ് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. എന്‍.ഡി.എ ഘടക കക്ഷികളില്‍ ജെ.ഡി.യു കഴിഞ്ഞ തവണ മത്സരിച്ച 17 സീറ്റുകളില്‍ 16 സീറ്റുകള്‍ നേടിയ ജെ.ഡി.യു ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്. ഇതുള്‍പ്പെടെ ബീഹാറിലെ 40 സീറ്റുകളില്‍ 39 സീറ്റിലും കഴിഞ്ഞ തവണ വിജയിച്ച ബി.ജെ.പി മുന്നണിക്ക് ഇന്ത്യ മുന്നണി ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ നേടിയ 18 സീറ്റുകള്‍ നിലനിര്‍ത്താനും പുതിയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സാധ്യമല്ല. 48 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മഹാരാഷ്ട്രയിലും ഇന്ത്യാ മുന്നണി ഏറെ ശക്തമാണ്. 80 ലോക്‌സഭ സീറ്റുകള്‍ ഉള്ള യു.പി കഴിഞ്ഞ തവണ ബി.ജെ.പി സഖ്യം തൂത്തുവാരിയെങ്കിലും ഇന്ത്യാ സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളിക്കിടെ ഇത്തവണ എത്രമാത്രം ആ വിജയം തുടരാന്‍ കഴിയുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. രാജസ്ഥാന്‍ – മധ്യപ്രദേശ് സംസാനങ്ങളിലും ബി.ജെ.പി തരംഗമാണ് കഴിഞ്ഞ തവണ ആഞ്ഞടിച്ചത്. ഇതില്‍ ഏതാനും സീറ്റുകളില്‍ അട്ടിമറി വിജയം നേടാന്‍ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞാല്‍ പോലും അത് വലിയ ഇംപാക്ടാണ് ഉണ്ടാക്കുക. അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ എ.എ.പിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ നേടിയ 5 സീറ്റുകളില്‍ നിന്നും വലിയ മുന്നേറ്റം ഇടതുപാര്‍ട്ടികളും ഇത്തവണ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കേരളം, പശ്ചിമ ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. കേരളത്തില്‍ സീറ്റുകള്‍ കുറഞ്ഞാലും കര്‍ണ്ണാടകയിലും, തെലങ്കാനയിലും കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കാന്‍ കഴിയും. മഹാരാഷ്ട്ര ശിവസേന ഉദ്ധവ് വിഭാഗം കരുത്ത് തെളിയിക്കും. ബീഹാറില്‍ ആര്‍.ജെ.ഡിയ്ക്ക് ഒപ്പം ഇടതുപാര്‍ട്ടികളും വലിയ നേട്ടം കൊയ്യും. തമിഴകവും ഇന്ത്യാ സഖ്യം തൂത്തുവാരാനാണ് സാധ്യത.
ഇത്തരമൊരു റിസള്‍ട്ടിനുള്ള സാധ്യത ബി.ജെ.പി നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നതാണ്. അതു കൊണ്ടാണ് അവര്‍ അവസാന നിമിഷം തിരഞ്ഞെടുപ്പ് അജണ്ട തന്നെ മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 400 സീറ്റിനു മുകളില്‍ എന്ന മോദിയുടെ സ്വപ്നം എന്തായാലും സംഭവിക്കാന്‍ പോകുന്നില്ല. അപ്പോഴും പക്ഷേ ബി.ജെ.പിയെ നിസാരമായി കാണാന്‍ കഴിയുകയില്ല. അവരെന്തായാലും ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന കാര്യം ഉറപ്പാണ്.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കാന്‍ പോകുന്നത്. രാഷ്ട്രപതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈ കൊള്ളേണ്ടതെങ്കിലും ബി.ജെ.പിക്ക് എതിരെ ഒരു നിലപാട് എന്തായാലും ഉണ്ടാകാന്‍ സാധ്യതയില്ല. അവിടെയാണ് ബി.ജെ.പിയുടെ പ്ലാന്‍ ‘ബി’യ്ക്കും തുടക്കമാകുക. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാന്‍ പരമാവധി ശ്രമങ്ങള്‍ ബി.ജെ.പി നടത്തും. ഒരു തിരഞ്ഞെടുപ്പ് മുന്നണി മാത്രമാണ് ഇന്ത്യാ മുന്നണി എന്നതിനാല്‍ ഇതിലെ ഘടക കക്ഷികളില്‍ പലതിനെയും അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി വിചാരിച്ചാല്‍ സാധിച്ചേക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ രാജ്യത്തെ മറ്റൊരു പാര്‍ട്ടിയും പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകള്‍ ബി.ജെ.പിയോട് കാണിക്കാത്തവരാണ്. കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയതു തന്നെ ഇതിനുള്ള ഒന്നാന്തരം ഉദാഹരണമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഡി.എം.കെയ്ക്കും രാജ്യത്തെ ആദ്യ ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായ ഒരു ഭൂതകാലവുമുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാറിനും ബി.ജെ.പി വിലക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഉദ്ധവ് താക്കറെയുമായുള്ള ഭിന്നത ഒഴിവാക്കാന്‍ മോദിയുടെ ഒരു ഫോണ്‍കോളിന്റെ ആവശ്യമേ ഉണ്ടാകുകയൊള്ളൂ. കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ വേണ്ടി വന്നാല്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കാന്‍ വരെ മോദി തയ്യാറായാലും അത്ഭുതപ്പെടേണ്ടതില്ല. ഇതിനുള്ള സാധ്യത കൂടി മുന്‍ നിര്‍ത്തിയാണ് ‘പ്ലാന്‍ ബി’ ബി.ജെ.പി ഇപ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്.
EXPRESS KERALA VIEW