ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തായ സുഖോയ് യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ധാരണ. വിമാനത്തിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡും റഷ്യന്‍ സുഖോയിസും തമ്മില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പാദനത്തെ പിന്തുണയ്ക്കാന്‍ റഷ്യ സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലാണ് കയറ്റുമതി ഉല്‍പാദനത്തിന് ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാമെന്ന ധാരണയിലെത്തിയത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്യു – 30എംകെഐ വിമാനങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുക.
ഇന്ത്യയില്‍ സുഖോയ് എസ്യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യയും റഷ്യയും ചര്‍ച്ച നടത്തിയത്. നിലവില്‍ ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ തന്നെ സുഖോയ് വിമാനത്തിന്റെ അസംബ്ലി ലൈന്‍ എച്ച്എഎല്‍ വൈകാതെ അവസാനിപ്പിക്കും. നാസിക്കിലെ ഡിവിഷനില്‍ മിഗ് ശ്രേണിയിലുള്ള യുദ്ധവിമാനങ്ങളുടെയും സുഖോയ് എസ്യു – 30എംകെഐ യുടെയും അറ്റകുറ്റപ്പണികളും മറ്റു ജോലികളും തുടരാനാണ് നീക്കം. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് സുഖോയ് യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിനായി 2000-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹായമാണ് എച്ച്എഎല്‍ ഉപയോഗപ്പെടുത്തിയത്.
നിലവില്‍ വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ചതാണ് സുഖോയ് എസ്?യു – 30എംകെഐ വിമാനങ്ങള്‍. വ്യോമസേനയുടെ പക്കലുള്ള സുഖോയ് യുദ്ധവിമാനങ്ങളുടെ നവീകരണം നടക്കുന്നുണ്ട്. 272 സുഖോയ് എസ്?യു – 30എംകെഐ വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. ഇതില്‍ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്എഎല്ലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിര്‍മിച്ചത്. ഇതില്‍ 40 വിമാനങ്ങള്‍ക്ക് മാത്രമേ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസിനെ വഹിക്കാനുള്ള ശേഷിയുള്ളൂ. വ്യോമസേനയ്ക്ക് ലഭിക്കാനിരിക്കുന്ന 12 സുഖോയ് വിമാനങ്ങള്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും നിര്‍മിക്കുക.
റഷ്യയുടെ സഹായത്തോടെ ഇന്ത്യയിലാകും നിര്‍മാണം. കൂടുതല്‍ തദ്ദേശീയമായ ഉപകരണങ്ങളും പുതിയ സുഖോയ് എസ്യു – 30എംകെഐ വിമാനത്തില്‍ ഉണ്ടായിരിക്കും. ഇന്ത്യന്‍ നിര്‍മിത ആയുധ സംവിധാനങ്ങളും റഡാറുകളും ഉപയോഗിക്കും. ഇന്ത്യയെ കൂടാതെ ചൈന, അള്‍ജീരിയ, ഇന്തോനീഷ്യ, മലേഷ്യ, ഉഗാണ്ട, വെനസ്വേല, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് സുഖോയ് എസ്യു – 30എംകെഐ യുടെ വിവിധ പതിപ്പുകള്‍ ഉപയോഗിക്കുന്നത്. സുഖോയി വികസിപ്പിച്ച ഒരു ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയി Su- 30എംകെഐ ,1.61 ബില്യണ്‍ യുഎസ് ഡോളറാണ് ഒന്നിന്റെ വില.