ഡൽഹി;വര്‍ഗീയതും ജാതീയതയും കുടുംബാധിപത്യവുമാണ് ഇന്ത്യ സഖ്യത്തിന്‍റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കാന്‍ ഇന്ത്യ സഖ്യം ഭരണഘടന മാറ്റുമെന്നും മോദി ആരോപിച്ചു. വോട്ടര്‍മാര്‍ ഇരുപാര്‍ട്ടികളുടെയും പ്രകടനപത്രികകള്‍ താരതമ്യം ചെയ്യണമെന്നും മോദി പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും ഉന്നമിട്ടാണ് മോദിയുടെ കടന്നാക്രമണം. സമൂഹത്തെ മതവും ജാതിയും പറഞ്ഞ് ഭിന്നിപ്പിക്കുകയാണ് ഇന്ത്യ സഖ്യം. ജനങ്ങളെ വിഭജിക്കുന്ന ഇക്കൂട്ടരെ അധികാരത്തില്‍ കയറ്റരുതെന്നും മോദി. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കും. അതിനായി അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇക്കൂട്ടര്‍ മാറ്റുമെന്നും ഉത്തര്‍പ്രദേശിലെ റാലിയില്‍ പ്രധാനമന്ത്രിയുടെ ആരോപണം.
തകരാന്‍ പോകുന്ന ഇന്ത്യ സഖ്യത്തിന് ജനം വോട്ട് ചെയ്യില്ല. അഞ്ച് വര്‍ഷവും അഞ്ച് പ്രധാനമന്ത്രിമാരെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. അത് ശക്തിയല്ല, രാജ്യത്തിന്‍റെ പോരായ്മയാണെന്നും മോദി. തന്‍റെ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ പ്രധാനമന്ത്രി, ഇന്ത്യ സഖ്യം എന്ത് പുരോഗമനമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ചോദിച്ചു.
പ്രകടനപത്രികകള്‍ ജനം താരതമ്യം ചെയ്യണം. കശ്മീരിന് പ്രത്യേക പദവി തിരികെ കൊടുക്കുമെന്ന് പറയുന്നവരെ അധികാരത്തിലേറ്റണോ. വോട്ട് ബാങ്ക് രാഷ്ട്രീയമാണ്, പ്രതിപക്ഷത്തിന്‍റേത്. രാജ്യപുരോഗതിക്ക് ബിജെപിയെ അധികാരത്തിലേറ്റണമെന്നും മോദി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. യുപിയില്‍ മിര്‍സാപൂരിലും ദോസിയിലുമായിരുന്നു മോദിയുടെ ഇന്നത്തെ റാലികള്‍.