മഹാത്മാ ഗാന്ധി പരാമര്‍ശത്തില്‍ മോദി രാജ്യത്തോട് മാപ്പ് പറയണം; എ എ റഹീം

മഹാത്മാ ഗാന്ധി പരാമര്‍ശത്തില്‍ മോദി രാജ്യത്തോട് മാപ്പ് പറയണം; എ എ റഹീം
മഹാത്മാ ഗാന്ധി പരാമര്‍ശത്തില്‍ മോദി രാജ്യത്തോട് മാപ്പ് പറയണം; എ എ റഹീം

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം. ഇംഗ്ലീഷ് ചിത്രത്തിലൂടെ ഗാന്ധി അറിയപ്പെട്ടു എന്ന് പറയുന്നതിന് പകരം സിനിമയിലൂടെ ആര്‍എസ്എസിനെ ലോകം അറിഞ്ഞു എന്ന് മോദി പറയണം. ഗാന്ധി വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രചാരകനായി മാറിയില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘപരിവാറിന്റെ നേതാവിന് അത് മനസിലാകില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

എക്‌സാലോജിക് വിഷയത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചനയാണ്. വസ്തുതയുടെ വെളിച്ചമുള്ള ഒന്നും പ്രതിപക്ഷത്തിന് പറയാന്‍ കഴിയുന്നില്ല. പ്രതിപക്ഷനേതാവ് നുണ ഫാക്ടറിയായി മാറുന്നു. ഇതിന്റെ പ്രചരണ വേല ബിജെപി ഏറ്റെടുക്കുന്നു. വര്‍ഗീയത കൂട്ടുപിടിച്ചാണ് മോദി വോട്ട് തേടുന്നത്. രാജ്യത്ത് വലിയ പതനത്തിലേക്ക് എന്‍ഡിഎ പോകും. ശശി തരൂരിന്റെ സ്റ്റാഫില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ച വിഷയത്തില്‍ അന്വേഷണം നടത്തട്ടെ. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെ. തരൂര്‍ കുറ്റം ചെയ്‌തെന്ന് ആരോപിക്കാന്‍ ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തേണ്ട വിഷയമാണ് അതെന്നും റഹീം വ്യക്തമാക്കി.

ഇസ്രായേല്‍ ക്രൂരത ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും പലസ്തീനില്‍ നടക്കുന്നത് മാപ്പ് അര്‍ഹിക്കാത്ത വംശഹത്യ ആണെന്നും റഹീം പറഞ്ഞു. ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ക്യാമ്പയിന്‍ ഏറ്റെടുത്തത് ലോകത്തെ യുവത്വം ആണ്. ഓരോ ദിവസം കൂടുംതോറും കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീനിനൊപ്പമാണ്. ഡിവൈഎഫ്‌ഐ കൂടുതല്‍ യുവാക്കളെ അണിനിര്‍ത്തി രാജ്യത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. കുഞ്ഞുങ്ങളുടെ കൂട്ടകുരുതിയില്‍ ഇപ്പോഴും ആര്‍എസ്എസ് ആനന്ദിക്കുകയാണ്. കോണ്‍ഗ്രസ് ഇപ്പോഴും ബുദ്ധിപൂര്‍വമായ മൗനം പ്രകടിപ്പിക്കുകയാണ്. കാന്‍സ് ചലച്ചിത്രോത്സവത്തില്‍ മലയാളികള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. എന്നിട്ട് ഇപ്പോഴും കോണ്‍ഗ്രസ് എന്ത് പക്ഷമാണ് സ്വീകരിച്ചതെന്നും റഹീം ചോദിച്ചു.

രാഷ്ട്രപിതാവ് ഗാന്ധിജിയെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മാ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്.

Top