CMDRF

മോദി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് കാര്‍ഷിക ധനസഹായ ഫയലില്‍

മോദി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് കാര്‍ഷിക ധനസഹായ ഫയലില്‍
മോദി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് കാര്‍ഷിക ധനസഹായ ഫയലില്‍

ദില്ലി: ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ഒപ്പിട്ടത് കാര്‍ഷിക ധനസഹായ ഫയലില്‍. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് പാര്‍ലമെന്റ് സൗത്ത് ബ്ലോക്കില്‍ എത്തി ചുമതലയേറ്റിരുന്നു. മന്ത്രിസഭാ യോഗം വൈകീട്ട്. വകുപ്പുകളില്‍ തീരുമാനം ഉച്ചയ്ക്ക് ശേഷമുണ്ടാകുമെന്നാണ് വിവരം. റെയില്‍വേ അടക്കം പ്രധാന മന്ത്രാലയങ്ങള്‍ ബിജെപി നിലനിര്‍ത്തിയേക്കുമെന്നും നിര്‍മ്മല സീതാരാമന് പകരം പിയൂഷ് ഗോയലിന് ധനകാര്യം കിട്ടിയേക്കുമെന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് ആന്ധ്രയില്‍ നിന്നുള്ള നേതാവ് ഡി.പുരന്ദരേശ്വരിയുടെ പേരും ചര്‍ച്ചയിലുണ്ട്.

രണ്ടായിരം രൂപ വീതം 9 കോടിയിലധികം കര്‍ഷകര്‍ക്ക് നല്കുന്നതിനുള്ള ഫയലിനായിരുന്നു അംഗീകാരം. കര്‍ഷകരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഇതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കര്‍ഷകരും ഗ്രാമീണ ജനതയും യുപിയിലടക്കം ബിജെപിയോട് അകന്നു എന്ന വിലയിരുത്തലിനിടെയാണ് മോദി ഈ സന്ദേശം നല്കുന്നത്. പ്രധാന നേതാക്കളെ നിലനിറുത്തി കൊണ്ട് തുടര്‍ച്ചയുടെ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നല്കിയത്. ഈ സാഹചര്യത്തില്‍ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, എന്നീ വകുപ്പുകളില്‍ മാറ്റം വരാനുള്ള സാധ്യത കുറവാണ്. നിര്‍മ്മല സീതാരാമനെ ധനമന്ത്രാലയത്തില്‍ നിന്ന് മാറ്റുന്നതില്‍ മാത്രമാണ് അഭ്യൂഹം തുടരുന്നത്. എന്നാല്‍ നിര്‍മ്മല മാറിയാല്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതിയിലെ ഏക വനിത സാന്നിധ്യം ഇല്ലാതാകും.

ജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, കൃഷി, നഗരവികസനം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങള്‍ പരിഗണനയിലാണ്. സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെത്തും എന്നത് അടുത്തയാഴ്ച വ്യക്തമാകും. ടിഡിപി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇത് നല്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരി കൂടിയായ ബിജെപി ആന്ധ്രപ്രദേശ് അദ്ധ്യക്ഷ ഡി പുരന്ദരേശ്വരിയുടെ പേര് ചര്‍ച്ചയിലുണ്ട്. ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിനോദ് താവ്‌ഡെ, ദേവേന്ദ്ര ഫട്‌നാവിസ്, കെ ലക്ഷ്മണ്‍ തുടങ്ങിയ പേരുകളാണ് ഉയരുന്നത്

Top